മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടു

0
86


കൊച്ചി: എല്‍ഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പന്‍. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പന്‍ പറഞ്ഞു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എല്‍.ഡി.എഫില്‍ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയില്‍ ഉറപ്പായും പങ്കെടുക്കും.

പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി, യു.ഡി.എഫ്. ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പന്‍ നെടുമ്പാശ്ശേരിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളില്‍ ഒമ്പതുപേരും തന്നോടൊപ്പം യു.ഡി.എഫിലേക്ക് വരുമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, എലത്തൂര്‍ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കില്‍ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ മറുപടി. ടി.പി. പീതാംബരന്‍ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും കാപ്പന്‍ മറുപടി നല്‍കി.

മുന്നണി മാറ്റ വിഷയത്തില്‍ ശനിയാഴ്ച തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും കാപ്പന്‍ പറഞ്ഞു. ശരദ് പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിനാല്‍ അഖിലേന്ത്യാ നേതൃത്വം തന്നെ കൈവിട്ടുവെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും കാപ്പന്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായില്‍ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എല്‍.ഡി.എഫ്. തന്നോട് നീതികേട് കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്നും കാപ്പന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here