ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ഇറങ്ങിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേജിൽ മലയാളികളുടെ പൊങ്കാല. ആയിരക്കണക്കിന് കമന്റുകളാണ് മലയാളത്തിൽ യോഗിയുടെ പേജിൽ നിറഞ്ഞിരിക്കുന്നത്, യോഗിയെ തെറിവിളിച്ചും രാഹുലിനെ പ്രകീർത്തിച്ചുമുള്ള കമന്റുകളാണ് ഏറെയും.
യുപിയിലെ ഹത്രാസിൽ 19 വയസ് മാത്രം പ്രായമുള്ള ദളിത് പെൺകുട്ടിയെ സവർണജാതിയിൽ പെട്ട നാല് യുവാക്കൾ ക്രൂരമായി ബലാത്സംഗം ചെയ്ത് നാക്ക് മുറിച്ചെടുക്കുകയും നട്ടെല്ല് ചവിട്ടി ഓടിക്കുകയും ചെയ്തിരുന്നു, ചികിത്സക്കിടെ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ കിടന്ന് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് പോലും കാണിക്കാതെ യുപി പൊലീസ് രഹസ്യമായി ദഹിപ്പിക്കുകയായിരുന്നു, തുടർന്ന് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്.