തദ്ദേശ തെരഞ്ഞെടുപ്പ് വൈകില്ല; പേര് ചേര്‍ക്കുന്നത് നിര്‍ത്തിവെയ്ക്കും; വിധി തിരിച്ചടിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

0
101

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തത്കാലം നിര്‍ത്തിവെയ്ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. അതേസമയം, ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും തിരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പ്രതികരിച്ചു. 2015-ൽ തയ്യാറാക്കിയ വോട്ടർ പട്ടിക ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിനെത്തുടർന്നാണ് തീരുമാനം.

ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയ ശേഷം, എന്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. സംസ്ഥാനസർക്കാർ അപ്പീലുമായി ഇനി കോടതിയിൽ പോകില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിധിപ്പകർപ്പ് കിട്ടിയ ശേഷം സുപ്രീംകോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുമെന്നാണ് തെര. കമ്മീഷണർ സി ഭാസ്കരൻ അറിയിക്കുന്നത്.

ഒരുകാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോകില്ല. ഒക്ടോബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പേര് ചേര്‍ക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കും. വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2019-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ ചോദ്യംചെയ്ത് യുഡിഎഫ് നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം മുപ്പതുലക്ഷത്തോളം പേര്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വാദം.

LEAVE A REPLY

Please enter your comment!
Please enter your name here