‘യെച്ചൂരിക്കെതിരെ കേസെടുത്തതിനെ എതിര്‍ത്തു; പുന്നപ്ര വയലാറും മലബാര്‍ കലാപവും ഒരുപോലെ കാണുന്നവരാണ് ഞങ്ങള്‍’; കേരളത്തില്‍ ബിജെപിയല്ല, സിപിഎമ്മാണ് മുഖ്യശത്രു എന്ന് താന്‍ പറഞ്ഞിട്ടില്ല; റമദാന്‍ കിറ്റും സക്കാത്തും ഖുറാനും ഒന്നും പറഞ്ഞ് രക്ഷപ്പെടാൻ സമ്മതിക്കില്ല, ആരോപണമാണ് അതിന് മര്യാദക്ക് മറുപടി പറയുക: സിപിഎമ്മിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

0
186

സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി. ഓൺലൈൻ പോർട്ടലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വിശുദ്ധ ഗ്രന്ഥങ്ങളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുന്ന തരത്തില്‍ ആണിത് ഇപ്പോള്‍ വിവാദമാക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഓരോ മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ നാട്ടില്‍ നിര്‍ലോഭം കൊണ്ടു നടക്കാനും വായിക്കാനും പ്രചരിപ്പിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്. അത് നിലവിലെ കേരള ഗവണ്‍മെന്റ് കൊടുത്ത ഒരു സൗജന്യമൊന്നുമല്ല. ഇവിടെ നിന്ന് വിശുദ്ധ ഗ്രന്ഥം പ്രിന്റ് ചെയ്ത് മക്കയിലേക്ക് കൊണ്ടുപോവാറുണ്ട്, മക്കയില്‍ നിന്ന് ഹാജിമാര്‍ ഒക്കെ വരുമ്പോള്‍ ഇങ്ങോട്ടും കൊണ്ടു വരാറുണ്ട്. ഇതൊക്കെ എത്രയോ കാലമായിട്ട് നടന്നു വരുന്ന കാര്യങ്ങളാണ്. ഇതൊരു പുതിയ സംഭവമൊന്നുമല്ല, ഇതൊരു വെള്ളരിക്കാപ്പട്ടണവുമല്ല, ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ എല്ലാ മത വിഭാഗങ്ങള്‍ക്കും നല്‍കിയ ചില സ്വാതന്ത്ര്യമുണ്ട്. അതങ്ങ് ചര്‍ച്ചയാക്കി, വിവാദമാക്കുന്നു, അതിനെ ഒരു മതവിഭാഗവും വിശ്വാസികളും അനുകൂലിക്കുന്നില്ല. അതു കൊണ്ട് അവരെല്ലാം ഈ രണ്ട് വിഷയത്തെയും രണ്ടായിട്ടാണ് കാണുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ പേരു പറഞ്ഞ് ഈ കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതേണ്ടതില്ല.

ഇതൊരു ആദ്യത്തെ സംഭവമല്ല, ഈ സര്‍ക്കാര്‍ ഭീഷണി നേരിട്ട സമയത്ത് എല്ലാം ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ട്. കുറച്ചു മുന്‍പ് സക്കാത്ത് ഉയര്‍ത്തികൊണ്ടു വന്നു, പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ റമദാന്‍ കിറ്റ്, ഇപ്പോള്‍ ഖുറാന്‍ തന്നെ, ഇത് അതൊന്നുമല്ല വിഷയം. ഇത് വേറെ ഒരു ആരോപണമാണ് അതിന് മര്യാദക്ക് മറുപടി പറയുക. ഇതിന് മുന്‍പൊക്കെ ചെയ്തിരുന്ന പോലെ, അധികാര സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തിന് വിധേയമാകുകയാണ് വേണ്ടത്. അതിന് പകരം സക്കാത്തും റമദാന്‍ കിറ്റും ഖുറാനും പറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ബിജെപിക്ക് മുതലെടുക്കാന്‍ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണ്. ഏതായാലും യുഡിഎഫ് അത് ആഗ്രഹിക്കുന്നില്ല. ഇന്നത്തെ ഇന്ത്യാ സാഹചര്യത്തില്‍ ബിജെപിക്ക് പല അജണ്ടയുമുണ്ട് എന്ന കാര്യം ഞങ്ങള്‍ക്ക് അറിയാം. അപ്പോള്‍ അതൊക്കെ വിവാദമാക്കി അഴിമതിയില്‍ നിന്ന് തടിയൂരാന്‍ നോക്കുന്നവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. ഞങ്ങള്‍ ഏതായാലും അത്തരം കാര്യങ്ങള്‍ക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം നോക്കാതെ പെരുമാറുന്നവരല്ല ഞങ്ങള്‍. ഡല്‍ഹി കലാപ വിഷയത്തില്‍ ഞങ്ങള്‍ ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുത്തു. ചരിത്രം മാറ്റി മറിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള്‍ എതിര്‍ത്തു. മലബാര്‍ കലാപവും പുന്നപ്ര വയലാര്‍ സമരവും ഒരു പോലെയാണ് ഞങ്ങള്‍ കാണുന്നത്. കേരളത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കരുതി ചരിത്ര വസ്തുതകളെ മാറ്റിമറിക്കാന്‍ പാടില്ല.

കേരളത്തില്‍ ഇപ്പോള്‍ ഒരു ആരോപണം വന്നിരിക്കുന്നു. കേരളത്തില്‍ അത് സ്വര്‍ണ്ണ കള്ളക്കടത്താണ്. അതില്‍ നിന്ന് രക്ഷപ്പെടേണ്ടത്, റമദാന്‍ കിറ്റും സക്കാത്തും ഖുറാനും ഒന്നും പറഞ്ഞല്ല. അത് വളരെ തരംതാണ ഏര്‍പ്പാടാണ്. അത് വളരെ മോശമാണ്. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട് ഈ വിഷയത്തെ നേരെ ചൊവ്വേ നേരിടാനും അതേ കുറിച്ച് പറയാനും തയ്യാറാവണം. ജനങ്ങളെല്ലാം മണ്ടന്‍മാരല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. കേരളമൊരു വെള്ളരിക്കാപ്പട്ടണമല്ല. ആ വിവാദം അവസാനിപ്പിച്ച് വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്. ഭഗവദ് ഗീതയും ബൈബിളും ഖുറാനും ഇന്ത്യയില്‍ നിന്ന് അങ്ങോട്ടും വിദേശത്ത് നിന്ന് ഇങ്ങോട്ടും കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന കൊടുത്തിട്ടുള്ളതാണ്. അത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗജന്യവും കേരള സര്‍ക്കാരിന്റെ ഔദാര്യവുമല്ല.

പരിശുദ്ധ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയോ ഇല്ലയോ എന്ന് അന്വേഷണത്തില്‍ പുറത്ത് വരേണ്ട കാര്യമാണ്. വിശുദ്ധ ഖുറാന്‍ ഇതുപോലൊരു വിവാദത്തിലേക്ക് കൊണ്ടുവരേണ്ട ഒരു സാധനമാണോ? അതുപോലെ അത് ഈ ഡിപ്ലോമാറ്റിക് ചാനല്‍ വഴി കൊണ്ടു വരേണ്ട ഒരു സാധനമാണോ? മതഗ്രന്ഥം കൊണ്ടുവന്നതില്‍ ചട്ടലംഘനം ഉണ്ടോ എന്ന കാര്യം തലനാരിഴ കീറി കോടതിയില്‍ പരിശോധിക്കേണ്ട കാര്യമാണ്. ഇത് സംബന്ധിച്ച് രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നത് നാട്ടിലെ ഒരുപാട് വിശ്വാസികള്‍ക്ക് വേദനയുണ്ടാകുന്ന കാര്യമാണ്. മതഗ്രന്ഥത്തെ ഈ നിലയില്‍ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് മതനേതാക്കന്‍മാര്‍ എല്ലാം പറഞ്ഞിട്ടുള്ളതാണ്”, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തില്‍ ബിജെപിയല്ല, സിപിഎമ്മാണ് മുഖ്യശത്രു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here