കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന് സൂചന. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എറണാകുളത്തെ ഇഡി ഓഫിസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജലീലിൻ്റെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ദില്ലിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും.
വ്യാഴാഴ്ച രാത്രി 7.30നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. യുഎഇയിൽ നിന്ന് ഖുർആൻ വനന്തു സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.