ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകന്റെയും സുഹൃത്തിനെയും അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വീടിനകത്ത് തീപ്പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും സാനിറ്റൈസര്‍ ഒഴിച്ച് വീടിനകത്ത് പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഗ്രാമമുഖ്യന്റെ മകനടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ മാധ്യമപ്രവര്ത്തകന് 37 കാരനായ രാകേഷ് സിങ് നിര്‍ഭിക്കും സുഹൃത്ത് 34കാരന് പിന്റു സാഹുവുമാണ് കൊല്ലപ്പെട്ടത്.
ഗ്രാമമുഖ്യന്റെയും മകന്റെയും അഴിമതിയെ കുറിച്ച് താന്‍ സ്ഥിരമായി വാര്‍ത്ത നല്‍കിയിരുന്നുവെന്നും സത്യം പറഞ്ഞതിന് തനിക്ക് കിട്ടിയ സമ്മാനമാണ് ഇതെന്നും ആശുപത്രി അധികൃതരോട് മരണത്തിന് തൊട്ടുമുന്‍പ് രാകേഷ് സിഭ് നിര്‍ഭിക്ക് പറഞ്ഞിരുന്നു. 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പുറത്തുവന്നതാണ് കേസിന് വഴിത്തിരിവായത്.
കൊലപാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.