‘കിഡ്നി വിറ്റും ഐഫോൺ വാങ്ങണം’ കടുത്ത ആപ്പിൾ ആരാധകർക്കിടയിൽ സാധാരണമായി കേൾക്കുന്ന ഒരു പറച്ചിലാണിത്. എന്ത് ചെയ്താലും വേണ്ടില്ല ഏറ്റവും പുതിയ ഐഫോൺ വാങ്ങണം എന്നതാണ് ഈ പറച്ചിലിലെ സാരം. കഴിഞ്ഞ മാസം 13-ന് ഐഫോൺ 12 പുറത്തിറങ്ങിയപ്പോഴും പല ആപ്പിൾ ആരാധകരും സ്വന്തം കിഡ്നി വിറ്റ് പണമുണ്ടാക്കാൻ ശ്രമിച്ചു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരക്കാർക്ക് ഒരു മുന്നറിയിപ്പാണ് 25 വയസ്സുള്ള വാങ് ഷാങ്ക്ഗുഎന്ന ചൈനീസ് യുവാവ്.
2011-ൽ ആണ് വാങ് ഷാങ്ക്ഗു എന്ന് പേരുള്ള വ്യക്തി ഐഫോൺ വാങ്ങാൻ തീരുമാനിച്ചത്. അന്ന് 17 വയസ്സുമാത്രമുണ്ടായിരുന്ന വാങ് ഷാങ്ക്ഗു കിഡ്നി വിറ്റ് പണമുണ്ടാക്കാൻ അനധികൃത അവയവ റാക്കറ്റുമായി ബന്ധപ്പെടും ചെയ്തു. ഓൺലൈൻ ചാറ്റ് റൂമിലൂടെയാണ് വാങ് ഷാങ്ക്ഗു കിഡ്നി വിൽക്കുവാനുള്ള ആളെ പരിചയപ്പെടുന്നതും 20,000 യുവാൻ (ഏകദേശം 3000 ഡോളർ) ലഭിക്കും എന്ന മനസ്സിലാക്കുന്നതും .അങ്ങനെ പുത്തൻ ഐഫോൺ വാങ്ങാൻ വേണ്ടി വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്നി വിൽക്കാൻ തീരുമാനിച്ചു.
സെൻട്രൽ ഹുനാൻ പ്രൊവിൻസിൽ അനധികൃതമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് വാങ് ഷാങ്ക്ഗുവിൻ്റെ വലത് കിഡ്നി നീക്കം ചെയ്തത് . കിട്ടിയ പണം കൊണ്ട് ഷാങ്ക്ഗു ഐഫോൺ 4, ഐപാഡ് 2 എന്നീ ഡിവൈസുകൾ വാങ്ങുകയും ചെയ്തു. പക്ഷെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല എന്നതാണ് സത്യം .
ശസ്ത്രക്രീയ കഴിഞ്ഞു ഒൻപത് വർഷം കഴിഞ്ഞപ്പോഴേക്കും പ്രശ്നങ്ങൾ വന്നുതുടങ്ങി . ഡയാലിസിസ് മെഷീനോടൊപ്പമാണ് ഇപ്പോൾ ജീവിതം. റെനാൾ ഡിഫിഷെൻസി ബാധിച്ച വാങ് ഷാങ്ക്ഗുവിന്റെ ഇനിയുള്ള ജീവിതം ബെഡിൽ ആയിപോകാനാണ് സാധ്യത . ശസ്ത്രക്രീയ കഴിഞ്ഞു മാസങ്ങൾക്കകം ഇൻഫെക്ഷനുണ്ടാകുകയും ഒടുവിൽ ഏക കിഡ്നിയുടെ പ്രവർത്തനം നിലച്ചതുമാണ് കാര്യങ്ങൾ വഷളാക്കിയത്. ഇപ്പോൾ ദിവസവും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് വാങ് ഷാങ്ക്ഗു എത്തിയിരിക്കുകയാണ് .