ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കുന്നു; കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസെടുക്കണമെന്ന് കോടതി

0
383

ബോളിവുഡ് താരം കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദേലിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ട് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി. കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്‍കുന്ന അഭിമുഖങ്ങളിലും ട്വീറ്റുകളിലും ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

കാസ്റ്റ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ വിവിധ വകുപ്പുകളും, 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രിക്കുക), 295 എ ( മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നിവയും ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ട്രെയിനര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം, പാര്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളിലൊക്കെ വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

‘ഇലക്ട്രോണിക് മീഡിയയിലും ട്വിറ്ററിലും അഭിമുഖങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും. ഇതിന് വിദഗ്ധരുടെ വിശദമായ അന്വേഷണം ആവശ്യമാണ്,’ മജിസ്‌ട്രേറ്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here