വിമര്‍ശിക്കുന്നവരെ തുടരെ ബ്ലോക്ക് ചെയ്ത് കങ്കണ; ബ്ലോക്ക് ചെയ്‌തോളൂ, ആ വായ തുറക്കാതിരുന്നാല്‍ മതിയെന്ന് ഗോദയിലെ നായിക വാമിഖ

0
121

കര്‍ഷക പ്രതിഷേധത്തിനെതിരെ വിദ്വേഷ വ്യാജ പരാമര്‍ശങ്ങള്‍ നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനം ഉന്നയിച്ച നടിയും മലയാള സിനിമ ഗോദയിലെ നായികയുമായ വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്. ഷാഹിന്‍ ബാഗ് ദാദി ബില്‍ക്കീസ് ബാനുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റിനെതിരെ വാമിഖ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ അതുതന്നെ സന്തോഷമെന്ന് വാമിഖ മറുപടി ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ താന്‍ കങ്കണയുടെ ആരാധികയായിരുന്നെന്നും എന്നാലിപ്പോള്‍ അന്ന് ഇഷ്ടപ്പെട്ടതില്‍ പോലും നാണക്കേട് തോന്നുന്നുവെന്നായിരുന്നു ബില്‍ക്കീസ് ദാദിയെ അധിക്ഷേപിക്കുന്ന കങ്കണയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം വാമിഖ ട്വീറ്റ് ചെയ്തത്. ‘ഒരിക്കല്‍ ആരാധിയായിരുന്നു. ഇപ്പോള്‍ ഇഷ്ടപ്പെട്ടതില്‍ പോലും നാണക്കേട് തോന്നുന്നു. ഹിന്ദു ആകുകയെന്നാല്‍ സ്‌നേഹമാകുക എന്നാണ് അര്‍ത്ഥം. പക്ഷെ രാവണന്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്‍ ഇങ്ങനെയായി തീരുമായിരിക്കാം, ഇത്രയും അഹങ്കാരവും ക്രോധവും വിദ്വേഷവും. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി നിങ്ങള്‍ മാറുന്നത് കാണുമ്പോള്‍ ഹൃദയം തകരുകയാണ്,’ എന്നായിരുന്നു വാമിഖയുടെ ട്വീറ്റ്. ഇതിനെ പിന്നാലെയാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്.

ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് വാമിഖ മറുപടിയുമായെത്തിയത്. ‘ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളു. അതുതന്നെ ഒരുപാട് സന്തോഷം. മുന്‍പ് മറ്റു സത്രീകളോട് പറഞ്ഞ പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ എന്റെ ഹൃദയം തകരുമായിരുന്നു. ഹൃദയത്തില്‍ സ്‌നേഹം നിറയാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’ വാമിഖ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here