ദേശസുരക്ഷയെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി വിവരം; പ്രധാനമന്ത്രിയുടെതുള്‍പ്പെടെ വിവരങ്ങള്‍ സൂക്ഷിച്ച കംപ്യൂട്ടറിന് നേരെ സൈബര്‍ ആക്രമണം

0
24

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെതുള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറുകള്‍ക്കുനേരെ സൈബര്‍ ആക്രമണം നടന്നതായി സൂചന. ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജന്‍സിയായ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനു (എന്‍ഐസി) നേര്‍ക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. എന്‍ഐസിയുടെ കംപ്യൂട്ടറുകളില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരം. സെപ്റ്റംബര്‍ ആദ്യവാരം നടന്ന സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

ബെംഗളൂരുവിലെ ഒരു കമ്പനിയിലേക്കാണ് അന്വേഷണത്തിന്റെ മുന നീളുന്നത്. എന്‍ഐസിയിലെ ജീവനക്കാര്‍ക്ക് ലഭിച്ച ഒരു ഇമെയിലില്‍നിന്നാണ് ആക്രമണം തുടങ്ങിയത്. ഇതിലുണ്ടായിരുന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലുള്ള വിവരങ്ങള്‍ ചോര്‍ന്നു. പിന്നീട് കംപ്യൂട്ടര്‍ സംവിധാനത്തെത്തന്നെ ആക്രമണം ബാധിച്ചു. ഇമെയിലുകള്‍ വന്നത് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനിയില്‍നിന്നാണെന്നു വ്യക്തമായിരുന്നു. ഇമെയിലിന്റെ ഐപി വിലാസം ബെംഗളൂരു എന്നാണ് കാണിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതേയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രിയെക്കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങളും ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളില്‍ ശേഖരിച്ചിരുന്നു. ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന സ്ഥാപനം ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു പ്രമുഖ വ്യക്തികളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സൈബര്‍ ആക്രമണവും.

LEAVE A REPLY

Please enter your comment!
Please enter your name here