ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിക്കെതിരെ വികസിപ്പിക്കുന്ന കൊവാക്സിൻ പരീക്ഷണം ഇപ്പോൾ വിവാദത്തിലാണ്. വാക്സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയെന്നും പരീക്ഷണം നിര്ത്തിവയ്ക്കാതിരുന്നതുമാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിച്ചത് എന്നുമാണ് റിപ്പോർട്ട്.
ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കീഴിലാണ് കൊവിക്സിൻ വികസിപ്പിക്കുന്നത് . ഓഗസ്റ്റ് മാസത്തിൽ നടന്ന ആദ്യ പരീക്ഷണത്തിൽ 35 കാരനായ യുവാവിന് രണ്ട് ദിവസത്തിനുള്ളിൽ ന്യുമോണിയ ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം തിരികെ മടങ്ങുകയും ചെയ്തു. അതേസമയം, ഇയാള്‍ക്ക് നേരത്തെ മറ്റ് പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നത് അതിശയിപ്പിക്കുന്ന ഒന്നാണ് .
ഒന്നാം ഘട്ട പരീക്ഷണത്തിനിടയിലെ പ്രതികൂല സംഭവം ഭാരത് ബയോടെക് റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു
പാര്‍ശ്വഫലം കണ്ടെത്തിയാൽ പരിശോധന താത്കാലികമായി നിർത്തിവയ്ക്കുകയും പരിശോധനയിൽ വാക്സീന് പ്രശ്നമില്ലെന്ന് കണ്ടാൽ തുടരുകയും ചെയ്യുന്നതാണു നടപടി. മറ്റു കമ്പനികളൊക്കെ പ്രശ്നങ്ങളുണ്ടായപ്പോള്‍ ട്രയൽ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ആദ്യ രണ്ട് ട്രയലുകളിലും മികച്ച ഫലം നൽകിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 16ന് കൊവാക്സിൻ മൂന്നാം ഘട്ട ട്രയൽ തുടങ്ങിയിരുന്നു. രാജ്യത്തെ 22 വിവിധ ആശുപത്രികളിലായി 26,000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്.