സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

0
45

റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഇങ്ങനെ മോചിതരായവരുടെ ആദ്യ ബാച്ചായ 500 പേരെ ഇക്കഴിഞ്ഞ മെയ് മാസം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണിത്.

കൊവിഡ് സംബന്ധിച്ച മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ജയില്‍ മോചിതരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനായി വിമാന ടിക്കറ്റുകളും നാട്ടിലെത്തിയാല്‍ ക്വാറന്റീന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. രണ്ടാം ബാച്ചിലെ ആദ്യ വിമാനം റിയാദില്‍ നിന്നും ചെന്നൈയിലേക്ക് ഈ മാസം 24ന് പുറപ്പെടും. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള അടുത്ത വിമാന ഷെഡ്യൂളുകള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here