കര്‍ഷകരെ പിന്തുണച്ചതിന് കാനഡക്കെതിരെ നടപടി; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍; ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതമെന്ന് താക്കീത്

0
157

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പിന്തുണയറിച്ച കാനഡക്കെതിരെ നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി കര്‍ഷക പ്രതിഷേധത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ പ്രതികരിച്ച മറ്റു രാജ്യങ്ങളെയും സര്‍ക്കാര്‍ വിമര്‍ശിച്ചു.

ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹൈക്കമീഷണറെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റിനും മുന്‍പില്‍ പലരും അതിതീവ്ര പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് ഇടയാക്കിയെന്നും മന്ത്രാലയം പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ചയാണ് രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here