‘എന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയ ശശികലയെ ഞാന്‍ മറക്കില്ല’; ഓണക്കാല ഓര്‍മകള്‍ അയവിറക്കി സുരാജ് വെഞ്ഞാറമൂട്

0
1426

സിനിമ രംഗത്തെത്തും മുന്‍പ് ഒരുപാട് സ്റ്റേജ് പരിപാടികളില്‍ തിളങ്ങിയ താരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.

ഒരു കാലത്ത് ചിരിയുടെ മേളപ്പെരുക്കം തന്നെയായിരുന്നു സുരാജ് വേദികളില്‍ തീര്‍ത്തിരുന്നത്. ആ ഓര്‍മകളെ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ ഓണം പൂര്‍ണമാകില്ല. മറക്കാനാകാത്ത ഒരൊന്നൊന്നര ഓണം സമ്മാനിച്ച, തന്നെ പൊലീസ് സ്റ്റേഷന്‍ വരെ കയറ്റിയ ശശികലയെ കുറിച്ച് തുറന്ന് പറയുകയാ് താരം.ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം രസകരമായ ഓണ ഓര്‍മകള്‍ പങ്കുവച്ചത്.

സുരാജിന്റെ കഥയിലെ ശശികല ഒരു സ്ത്രീയല്ല, പാട്ടാണ്. ഒരുകാലത്ത് നാട്ടിലെ ഒട്ടുമിക്ക പരിപാടികളിലേയും സ്ഥിരം ഐറ്റമായിരുന്നു ദേവരാഗം എന്ന ചിത്രത്തിലെ ശശികല ചാര്‍ത്തിയ ദീപാവലയം എന്ന പാട്ടിന് കുട്ടിക്കൂട്ടത്തിന്റെ ഡാന്‍സ്.


നാട്ടിന്‍പുറങ്ങളില്‍ ഒരു കാലത്ത് ഓണമെന്നാല്‍ കുട്ടികളുടേയും അമ്മമാരുടേയും ആഘോഷമായിരുന്നു. നാട്ടിലെ ക്ലബ്ബുകള്‍ ഓണാഘോഷ പരിപാടി നടത്തുമ്പോള്‍ മക്കളെ ഡാന്‍സിനും പാട്ടിനുമൊക്കെ ചേര്‍ത്തായിരുന്നു അവരത് ആഘോഷിച്ചിരുന്നത്. അന്ന് ഞാനും സ്റ്റേജ് പരിപാടികളുടെ തിരക്കിലാണ്. ഉത്രാട ദിവസം തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പരിപാടികള്‍. ഒരെണ്ണം ഏഴരയ്ക്കും ഒമ്പതരയ്ക്കും അവസാനത്തേത് പന്ത്രണ്ടരയ്ക്കും. അവസാന പരിപാടി എന്റെ വീടിനടുത്ത് തന്നെ. പരിപാടിയും കഴിഞ്ഞ് നേരെ വീട്ടില്‍ പോകാം എന്നായിരുന്നു പ്ലാന്‍.

തിരുവോണത്തിന് വീട്ടില്‍ കുടുംബത്തോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍.പന്ത്രണ്ടരയ്ക്ക് പരിപാടി നടത്തേണ്ടയിടത്തെ സംഘാടകര്‍, ഒരുമണിക്കെങ്കിലും തുടങ്ങണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അന്നത്തെ ഹിറ്റ് പാട്ടായിരുന്നു ശശികല ചാര്‍ത്തിയ ദീപാവലയം. ഈ പാട്ട് എല്ലായിടത്തും ഉണ്ട്. ഒരു പാട്ട് തന്നെ ഒന്‍പത് തവണ കളിക്കും. വിളക്കും കൊളുത്തി പിള്ളേര് തുടങ്ങും. എവിടെ പോയാലും ശശികല. എനിക്ക് ഇഷ്ടമുള്ള പാട്ടായിരുന്നു. എല്ലാവരുടേയും ശശികല കഴിഞ്ഞപ്പോള്‍ ആദ്യയിടത്ത് പരിപാടി തുടങ്ങാന്‍ എട്ടരയായി. കുറച്ച് കഴിഞ്ഞ് അടുത്ത സ്ഥലത്തുനിന്ന് വിളിയെത്തി. ഇത് കഴിഞ്ഞ് വേണം അവിടെ എത്താന്‍. അവിടെ എത്തിയപ്പോഴേ കേള്‍ക്കുന്നത് ശശികലയാണ്. ഞാന്‍ ചോദിച്ചു, ചേട്ടാ ഇനി എത്ര ശശികലയുണ്ട്?. അഞ്ചെണ്ണം എന്ന് പറഞ്ഞപ്പോള്‍ അതൊന്ന് കുറയ്ക്കാന്‍ വേണ്ടി കാലു പിടിച്ചു.

അമ്മമാര്‍ ഞങ്ങളെ ശത്രുക്കളെ പോലെ നോക്കി, ഒന്നാന്തരം തിരുവനന്തപുരം ഭാഷയില്‍ ആ രംഗം സുരാജ് അനുകരിച്ചു.
മൂന്നാമത്തെ പരിപാടി വെഞ്ഞാറമൂട് എന്റെ വീടിനടുത്താണ്. എന്റെ കൂടി പേരും പറഞ്ഞാണ് അവരത് ബുക്ക് ചെയ്തത്. ഒരു മണിക്കെങ്കിലും പരിപാടി തുടങ്ങണം എന്നായിരുന്നു നിര്‍ദേശം. എത്തിയപ്പോള്‍ ഒന്നര കഴിഞ്ഞു. അവിടെ ഒരു പാട്ടും ഇല്ല. ശശികലയും ഇല്ല. സമയം വൈകിയതിന് ക്ഷമ ചോദിച്ചപ്പോള്‍ അതൊന്നും കുഴപ്പമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പിന്നെ ഞങ്ങള്‍ റെഡിയാകട്ടെ, പരിപാടി തുടങ്ങാം എന്നു പറഞ്ഞപ്പോള്‍ ഏയ് റെഡിയാകാന്‍ വരട്ടെ. ഭക്ഷണം കഴിച്ചിട്ട് തുടങ്ങാം. നിങ്ങള്‍ക്ക് വേണ്ടി ഫുഡൊക്കെ റെഡിയാക്കിയിട്ടുണ്ട് എന്നു സംഘാടകര്‍ പറഞ്ഞു.

താഴെ ഒരു വീട്ടിലാണ് ഭക്ഷണം എന്ന് പറഞ്ഞ് അങ്ങോട്ടു കൊണ്ടു പോയി. അതിനകത്ത് കയറിയപ്പോള്‍ കതക് പുറത്തുനിന്ന് പൂട്ടി. നാളെ ഏഴരയ്ക്ക് പരിപാടി. അതും കഴിഞ്ഞ് സൗണ്ട് സിസ്റ്റത്തിന്റെ പൈസയും കൊടുത്തിട്ട് പോയാല്‍ മതി, ആ ചേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ പത്ത് പതിനാറ് പേരുണ്ട്. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരുത്തന് പരാതി ചേട്ടാ എരിശേരി കുറച്ച് പുളിച്ചു പോയല്ലോ, എന്ന്. അവര് തല്ലിയില്ലെന്നേയുള്ളൂ. കഴിച്ചില്ലേല്‍ വിവരമറിയും എന്നൊരു താക്കീതും. വീട് തൊട്ടടുത്താണെന്നും പെട്ടെന്ന് പോയി തിരിച്ചുവരാമെന്നും ഉറപ്പ് നല്‍കിയപ്പോള്‍ ആറ് മണിയോടെ തന്നെ പുറത്തിറക്കിയ കാര്യവും ഇന്നലെ കഴിഞ്ഞതു പോലെ സുരാജ് ഓര്‍ക്കുന്നു.


പറഞ്ഞ് പറഞ്ഞ് വായിലെ വെള്ളം വറ്റിയപ്പോഴാണ് എന്നെ പുറത്തിറക്കിയത്. പക്ഷേ പൊലീസ് സ്റ്റേഷനില്‍ പോയി എഴുതി ഒപ്പിട്ടു കൊടുത്താലേ വീടൂ എന്ന് തീര്‍ത്തു പറഞ്ഞു. അങ്ങനെയെങ്കില്‍ എല്ലാവരേയും വിടാമെന്നും ഉറപ്പ് നല്‍കി. തിരുവോണ ദിവസം രാവിലെ നേരെ പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ കട്ട പോസ്റ്റ്. പന്ത്രണ്ട് മണിയോടെ എസ് ഐ വന്നു. സംഘാടകര്‍ പറയുന്നതെല്ലാം ചെയ്‌തോളാം എന്ന് എഴുതിക്കൊടുത്തു. സ്റ്റേഷനില്‍ നിന്നറങ്ങി വീട്ടില്‍ പോകാന്‍ ഒരു ജീപ്പില്‍ കയറി. ദേ കിടക്കുന്നു ശശികല ചാര്‍ത്തിയ ദീപാവലയം എന്റെ പൊന്നോ എനിക്ക് വന്ന കലി. ദയവ് ചെയ്ത് പാട്ട് നിര്‍ത്താന്‍ ഞാന്‍ ഡ്രൈവറോട് അപേക്ഷിച്ചു.ഇപ്പോഴും ആ പാട്ട് കേള്‍ക്കുമ്പോള്‍ കേടായ സാമ്പാറും എരിശേരിയും പുളിശേരിയുമാണ് ഓര്‍മയില്‍ വരുന്നതെന്ന് സുരാജ്.


എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു. എല്ലാം സഹിക്കാം. ജീപ്പില്‍ കയറിയപ്പോഴും ഇതു തന്നെ. അന്ന് മൂന്ന് മണിയോടെയാണ് ഞാന്‍ സദ്യ കഴിഞ്ഞത്. പിന്നീട് തിരിച്ചു പോയി പറഞ്ഞ സമയത്ത് പരിപാടി നടത്തി. പരിപാടി നന്നായതുകൊണ്ട് അവര്‍ ഹാപ്പിയായി, തല്ല് കിട്ടിയില്ല. അല്ലേല്‍ ഞാന്‍ ശശികലയ്ക്കെതിരെ കേസ് കൊടുത്തേനെ. പിന്നീട് ഏത് പരിപാടിക്ക് പോകുമ്പോഴും ഞാന്‍ ആദ്യം ചോദിക്കുന്നത് ചേട്ടാ ശശികലയുണ്ടോ എന്നാണ്.
അക്കാലത്തെ സ്ഥിരം ഡാന്‍സ് നമ്പരുകളായ കണ്ണാടിക്കൂടും കൂട്ടി, ഇന്ദ്രനീലം ചൂടി, നെറ്റിമേലെ പൊട്ടിട്ടാലും, കടമിഴിയില്‍ കമലദളം, കുന്നിമണിക്കൂട്ടില്‍ തുടങ്ങിയ എല്ലാ പാട്ടുകളും സുരാജിന് നല്ല ഓര്‍മയുണ്ട്.
കോവിഡ് കാലത്തെ സിനിമ ചിത്രീകരണം നിര്‍ത്തിവച്ചപ്പോള്‍ ലഭിച്ച സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് സുരാജ്.

LEAVE A REPLY

Please enter your comment!
Please enter your name here