‘രജിത്തിനെ പുറത്താക്കിയവള്‍, പോക്ക് കേസ്’തുടങ്ങിയ പേരാണ് എനിക്ക് കിട്ടിയത്. ബിഗ് ബോസിലെത്തിയത് കരിയര്‍ ബില്‍ഡ് ചെയ്യാന്‍- തുറന്നു പറഞ്ഞ് ബിഗ്ബോസ്താരം

0
330

‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെ കുപ്രസിദ്ധിയാണ് എനിക്ക് കിട്ടയത്. ‘ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണം എന്നായിരുന്നു. അതിനാണ് ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ് നല്‍കി അയാളുടെ ഫാന്‍സ് എല്ലാത്തിനേയും നിസ്സാരമാക്കുന്നു. ഇനിയെങ്കിലും എനിക്കുണ്ടായ ആക്രമണത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍…’, ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസണ്‍-2 വില്‍ മത്സരാര്‍ഥിയായിരുന്ന രേഷ്മ രാജന്‍ പ്രതികരിക്കുന്നു.

പരിപാടിയിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ ബിഗ് ബോസ് ഹൗസില്‍ വച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തോടെ രേഷ്മയ്‌ക്കെതിരെ വന്‍തോതില് സൈബര്‍ ആക്രമണം ഉണ്ടായി. തുടര്‍ന്നുള്ള ആഴ്ചയില്‍ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായി. എന്നാല്‍ പിന്നീടും ഇവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രേഷ്മ. സൈബര്‍ ആക്രമണങ്ങളോടും രജിത്കുമാറിന്റെ പരാമര്‍ശങ്ങളോടും പ്രതികരിക്കാതിരുന്ന രേഷ്മ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച അനുഭവങ്ങള്‍ പങ്കുവക്കുകയാണ്.

’10 വര്‍ഷമായി മോഡലിങ് ചെയ്യുന്നവര്‍ പോലും അത്രയൊന്നും അറിയപ്പെടുന്നില്ല. ബിഗ് ബോസില്‍ പങ്കെടുത്താല്‍ അറിയപ്പെടുമെന്നും അതുവഴി അവസരങ്ങള്‍ ലഭിക്കും എന്ന ഒറ്റക്കാരണത്താലാണ് പരിപാടിയില്‍ മത്സരാര്‍ഥിയായി ഞാന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ അന്യഭാഷയില്‍ നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ നിന്ന് ഒരു അവസരവും വരുന്നില്ല. കാരണം ആ പരിപാടിയില്‍ പങ്കെടുത്തതാണ്. എന്നെ ഒരു വില്ലത്തിയും മോശക്കാരിയുമായി മാത്രമേ ആളുകള്‍ ഇപ്പോള്‍ കാണുന്നുള്ളൂ. എന്നാല്‍ രജിത്കുമാര്‍ പല ഇന്റര്‍വ്യൂകള്‍ നല്‍കുന്നു. വീഡിയോ പോസ്റ്റ് ചെയ്യുന്നു. അതെല്ലാം രജിതിന്റെ ഫാന്‍സ് ആഘോഷിച്ച് നടക്കുന്നു. വളരെ നോര്‍മല്‍ ആയാണ് എനിക്കെതിരെ നടത്തിയ ആക്രമണത്തെ രജിത് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ എന്റെ കണ്ണിലല്ല, കവിളിലാണ് മുളക് തേച്ചതെന്ന് വരെ പറയുന്നു. ഞാന്‍ ഇപ്പോഴും ആ സംഭവവും അതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളുമുണ്ടാക്കിയ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. ഞാന്‍ ‘പോക്കാണ്’ എന്ന ഇമേജ് ഉണ്ടാക്കി ക്യാരക്ടര്‍ അസാസിനേഷന്‍ നടത്താനായിരുന്നു രജിത് പരിപാടിയുടെ ആദ്യം മുതല്‍ ശ്രമിച്ചത്. പിന്നീട് ഫാന്‍സും ഭരണിപ്പാട്ടിനേക്കാള്‍ മോശമായ തെറിവാക്കുകളുപയോഗിച്ച് എന്നെ അപമാനിച്ചു. എന്റെ ഫോട്ടോകള്‍ മോശമായ രീതിയില്‍ ചിത്രീകരിച്ചു. സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു. ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍ എന്ന ഇമേജ് ഉണ്ടാക്കല്‍ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഫേക്ക് അക്കൗണ്ടുകളിലൂടെയുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ ഇല്ല.

പരിപാടിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ യഥാര്‍ഥ അവസ്ഥ അറിയുന്നത്. പുറത്തിറങ്ങിയാല്‍ എന്റെ കണ്ണില്‍ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയര്‍ത്തിയായിരുന്നു രജിത് ഫാന്‍സിന്റെ ആഹ്വാനങ്ങള്‍.

പരിപാടിയുടെ തുടക്കം മുതല്‍ പലപ്പോഴായി എന്നെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും സംസാരവുമായിരുന്നു രജിതില്‍ നിന്ന് നേരിട്ടത്. ചിത്രീകരണം ആരംഭിച്ചതിനടുത്ത ദിവസങ്ങളില്‍ തന്നെ അശ്ലീല ചുവയുള്ള കമന്റുകള്‍ പറയുന്നതില്‍ തുടങ്ങി, ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ അഭിമാനത്തേയും മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തേ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് എന്നെ ആക്രമിച്ചിരുന്നു. അതില്‍ പലതും ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടിട്ടുള്ളതുമാണ്.

2020 മാര്‍ച്ച് 9നാണ് എന്റെ കണ്ണുകളില്‍ രജിത് കുമാര്‍ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഷോയ്ക്കിടയില്‍ വെച്ചു തന്നെ, എന്റെ കണ്ണുകള്‍ക്ക് മാരകമായ കന്‍ജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകള്‍ക്ക് അണുബാധ ഏറ്റതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ചികിത്സ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയില്‍ ഞാന്‍ ചികിത്സയിലായിരുന്നു. ഒടുവില്‍, ഭാഗികമായി കണ്ണുകള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 29-ന് ഞാന്‍ ഷോയില്‍ തിരിച്ചെത്തിയത്. എന്റെ കണ്ണിനേറ്റ അണുബാധയില്‍ നിന്നും പൂര്‍ണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോള്‍ വളരെ സെന്‍സിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാന്‍ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച് തേക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here