സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീതി

0
110

(www.big14news.com)തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്നലെ രാത്രിമുതല്‍ ശമനമില്ലാതെ തൂറുന്ന മഴയിൽ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീതിയും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കരമനയാര്‍ കരകവിഞ്ഞതോടെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നെയ്യാറിലെ ജലനിരപ്പും ക്രമാതീതമായി ഉയ‌ര്‍ന്നുതുടങ്ങിയിട്ടുണ്ട്.

വരുന്ന മൂന്നുമണിക്കൂറിനുള്ളില്‍ തെക്കന്‍ ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറില്‍ 45 കി.മീവേഗത്തില്‍ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്‌. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് വെള്ളപ്പൊക്ക ഭീതിയെ തുടര്‍‌ന്ന് തോട്ടപ്പള്ളി സ്പില്‍വേ മുറിച്ച്‌ വിടാനുള്ള നടപടികള്‍ തുടങ്ങി. കൂടാതെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നി‌ര്‍ദേശിച്ചിട്ടുണ്ട്.

മദ്ധ്യകേരളത്തില്‍ ഇന്നലെ രാത്രിമുതല്‍ ഇന്ന് പുലര്‍ച്ചെ വരെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി സജീവമായി നടക്കുന്നതിനിടെയാണ് മഴ കനത്തത്. മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. മിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണഅതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here