വധ ഭീഷണി കൂടി വരുന്നു, തനിക്കും മകള്‍ക്കും അധിക സുരക്ഷ വേണമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍

0
276

കൊല്‍ക്കത്ത: തനിക്കും മകള്‍ക്കും അധിക സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് ഹസിന്‍ ജഹാന്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യത്തിലെ പ്രതികരണത്തില്‍ ഒരുപാട് ഭീഷണികള്‍ ഉയരുന്നുണ്ടെന്നും പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹസിന്‍ ജഹാന്റെ പരാതിയില്‍ കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കാനാണ് സാധ്യത. ഭാര്യയോടൊപ്പമുള്ള മകള്‍ ഐറയെ കണ്ടിട്ട് മാസങ്ങളായെന്നും ഇതില്‍ ദുഃഖമുണ്ടെന്നും ഷമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓഗസ്റ്റ് നാലിന് അയോധ്യയില്‍ നടന്ന രാമക്ഷേത്ര ഭൂമിപൂജയ്ക്ക് ഹസിന്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികള്‍ ഉയര്‍ന്നതായാണ് ഹസിന്റെ പരാതിയിലുള്ളത്.

കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് വാദം. മകളോടൊപ്പം ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ വലിയ രീതിയില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here