ഹജ്ജ് യാത്രക്കായുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കി. അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന കാരണം വിമാനത്താവളങ്ങളുടെ എണ്ണം പത്താക്കി ചുരുക്കി എന്നാതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് മാത്രമാണ് ഇത്തവണ ഹജ്ജ് യാത്രകള്‍ സജ്ജീകരിക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം ഹജ്ജ് തീര്‍ത്ഥാടകരുള്ളത് വടക്കന്‍ കേരളത്തില്‍നിന്നാണ്. കരിപ്പൂരില്‍നിന്നാണ് അധികമാളുകളും ഹജ്ജ് യാത്ര നടത്താറുള്ളത്. പട്ടികയില്‍നിന്നും കരിപ്പൂരിനെ ഒഴിവാക്കുന്നതോടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാവും നേരിടേണ്ടി വരിക. നെടുമ്പാശ്ശേരിയിലേക്കുള്ള മണിക്കൂറുകളുള്ള യാത്രയും തുടര്‍ന്നുള്ള വിമാനയാത്രയും പ്രായാധിക്യമുള്ള ഹജ്ജ് യാത്രികര്‍ക്ക് ദുരിതപൂര്‍ണമായേക്കും.