10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇളവുകള്‍; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

0
213

സംസ്ഥാനത്തെ 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൊതുവിദ്യഭ്യാസവകുപ്പിന്റേതാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ വീതം ഇരുത്താം.

നൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ വരാം. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ഒരേ സമയം അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളാണ് അനുവദനീയം. രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റ് വീതമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ രാവിലെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം വരെ സ്‌കൂളുകളില്‍ തുടരാനും അനുവാദം നല്‍കിയിട്ടുണ്ട്. ഉച്ച സമയത്ത് ഗതാഗത സൗകര്യം കുറവായത് മൂലം കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത് കണക്കിലെടുതാണ് പുതിയ നിര്‍ദ്ദേശം.

ഒന്നിടവെട്ട ദിവസങ്ങളില്‍ കുട്ടികള്‍ വരുന്ന രീതികളില്‍ അധ്യയനം ക്രമീകരിക്കുവാനും സ്‌കൂളുകള്‍ക്ക് അനുവാദമുണ്ട്. ശനിയാഴ്ച പ്രവൃത്തി ദിവസമായതിനാല്‍ അന്നും ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താം. വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കുട്ടികള്‍ സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരുന്നാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ക്ലാസുകള്‍ തുടരേണ്ടത്.

വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം ലഭിക്കാത്ത അധ്യാപകര്‍ സ്‌കൂളുകളില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്. അധ്യാപകര്‍ വീഴ്ച വരുത്തിയാല്‍ പ്രഥമാ അധ്യാപകന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുക. ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here