കൊച്ചി: പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള പെണ് കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞിനെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കും. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകുഞ്ഞ് ഇപ്പോഴുള്ളത്. കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.
നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) മദ്യലഹരിയില്‍ ഭാര്യയെയും സഹോദരിയെയും ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. അയല്‍ക്കാരുമായി ഇയാള്‍ അധികം ഇടപഴകാറില്ല. കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി മുമ്പ് പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. കുട്ടിയെ പലതവണ മര്‍ദിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഏറ്റവുമൊടുവില്‍ ഈ മാസം 18ന് പുലര്‍ച്ചെയാണു കുഞ്ഞ് ആക്രമിക്കപ്പെട്ടത്.
കുഞ്ഞ് തന്റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്.
ആക്രമണത്തില്‍ അബോധാവസ്ഥയിലായ കുഞ്ഞിനെ ഷൈജുവും ഭാര്യയും സഹോദരിയും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കട്ടിലില്‍ നിന്നു വീണതാണെന്നാണു വീട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. മിക്ക ദിവസങ്ങളിലും മദ്യപിച്ചാണു വീട്ടില്‍ ചെല്ലുന്നതെങ്കിലും കുഞ്ഞിനെ ആക്രമിച്ച ദിവസം ഷൈജു മദ്യപിച്ചിട്ടില്ലെന്നാണ് അമ്മ പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്.