ആനക്കൊമ്പ് മോഷണക്കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം; വനംവകുപ്പ് അധികൃതര്‍ക്കെതിരെ പരാതി നല്‍കി

0
24

വയനാട്: ആനക്കൊമ്പ് മോഷണക്കേസിലെ റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിയുമായി കുടുംബം രംഗത്ത്. മാനന്തവാടിയിലാണ് റിമാന്‍ഡ് പ്രതി ജയിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിലാണ് കാട്ടിയേരി കോളനിയിലെ രാജുവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആനക്കൊമ്പ് മോഷണകേസില്‍ റിമാന്‍ഡിലായിരുന്ന രാജു മരിച്ചത്.

മാനന്തവാടി ജയിലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേര്യ കൊളമതറ വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസില്‍ സെപ്തംബര്‍ മൂന്നിന് രാജു ഉള്‍പ്പെടെ മൂന്ന് പേരെയായിരുന്നു വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകവെയാണ് ഇവര്‍ ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് വനംവകുപ്പിന്റെ വാദം. എന്നാല്‍ കസ്റ്റഡിയിലെത്ത പ്രതികളെ മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. രാജുവിന്റെ മൃതദേഹം സബ് കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here