കോട്ടയത്ത് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചരണം;യുവാവ് അറസ്റ്റില്‍

0
183

കോട്ടയം:കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസില്‍ ഗോപു രാജന്‍ (29 ) ആണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ അറിയിച്ചു.

ഇയാള്‍ കടുത്തുരുത്തി സിഎഫ്എല്‍ടിസിയിലെ വോളന്റീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഏപ്രില്‍ 29 മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്. നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു.

അതേസമയം, കോവിഡ് പ്രതിരോധത്തിനിടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
‘ഭീതിയ്ക്ക്കീഴ്‌പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാനരഹിതമായആശങ്കകളിലേയ്ക്ക് തള്ളിവിടാനുള്ളശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുന്നതായികാണാന്‍ കഴിഞ്ഞിട്ടുണ്ട്.

പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വാസ്തവവിരുദ്ധവും അതിശയോക്തി കലര്‍ത്തിയതും ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.’-മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here