ഫാസിസം വേട്ട തുടരുന്നു; ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

0
143

ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്‌തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഉമര്‍ ഖാലിദിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ച ദല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ജാമി അ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരേയും ദല്‍ഹിയിലെ ജാഫ്രാബാദിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നേരത്തെ പ്രതി ചേര്‍ത്തിരുന്നു.മൂന്ന് പേര്‍ക്കെതിരേയും പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here