പരീക്ഷ മാറ്റി തിരഞ്ഞെടുപ്പ് നടത്താം; നിലപാട് ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവച്ചിട്ടും കോളേജ് യൂണിയന്‍ ഇലക്ഷന്‍ മാറ്റിവയ്ക്കാത്ത കേരളാ യൂണിവേഴ്സിറ്റി നിലപാട് ചോദ്യം ചെയ്യപ്പെടുന്നു.

കോവിഡിനെ തുടര്‍ന്ന് പല തവണ മാറ്റിവച്ച പരീക്ഷയാണ് വീണ്ടും മാറ്റി വച്ചത്. ഇപ്പോള്‍ നാലാം സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയാണ് മാറ്റിവച്ചത്. ഇനി മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ കൂടി നടക്കാനുണ്ട്. എന്നാല്‍ ചൊവ്വാഴ്‌ച്ച നടക്കാനിരിക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇനിയും മാറ്റിവയ്ക്കാന്‍ യൂണിവേഴ്സിറ്റി തയ്യാറല്ല. വിദ്യാര്‍ത്ഥികളുടെ ജീവന്‍ പണയം വച്ച്‌ നടത്തുന്ന ഈ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നാണ് ഉയരുന്ന ആരോപണം.

കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി കോളേജുകള്‍ ലാര്‍ജ് ക്ലസ്റ്ററുകളായി പൂട്ടിയിട്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തന്നെയാണ് യൂണിവേഴ്സിറ്റി തീരുമാനം. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന ക്യാംപസുകള്‍ക്ക് പോലും അവധി നല്‍കാതെ ചൊവ്വാഴ്‌ച്ച വരെ നീട്ടികൊണ്ടുപോകാന്‍ ഇടത് അദ്ധ്യാപകസംഘടനയുടെയും എസ്‌എഫ്‌ഐ നേതൃത്വത്തിന്റെയും സമ്മര്‍ദ്ദമുണ്ടെന്ന ആക്ഷേപവുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും അദ്ധ്യാപക- അനധ്യാപകര്‍ക്കിടയിലും കോവിഡ് പടര്‍ന്നുപിടിക്കുമ്ബോള്‍ പല സ്വകാര്യ കോളേജുകളും വിദ്യാര്‍ത്ഥികള്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഗവണ്‍മെന്റ് കോളേജുകള്‍ പൂട്ടാതിരിക്കാനും കോവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാതിരിക്കാനും സമ്മര്‍ദ്ദമുണ്ടെന്നാണ് ജീവനക്കാരുടെ പരാതി.

ഇരുപത്തഞ്ചിന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോളേജുകളും അടയ്ക്കുന്നതിനുള്ള തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. കേരളത്തിലെ ഭൂരിഭാഗം ക്യാംപസുകളിലും അപ്രമാധിത്യമുള്ള എസ്‌എഫ്‌ഐയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്ന് കോളേജ്- യൂണിവേഴ്സിറ്റി യൂണിയന്‍ പ്രവര്‍ത്തന ഫണ്ടുകളാണ് എന്നാണ് ആക്ഷേപം. എസ്‌എഫ്‌ഐയ്ക്ക് യൂണിയനുള്ള ക്യാംപസുകളിലെ പ്രവര്‍ത്തനഫണ്ടിന്റെ ഒരുഭാഗം ഏര്യാ- ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് കോവിഡ് വ്യാപനത്തിലും തെരഞ്ഞെടുപ്പ് വേണമെന്ന കടുംപിടിത്തത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും തുടരുന്നത്.

യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലും സെനറ്റിലും പ്രതിനിധികളെ വിജയിപ്പിക്കാന്‍ എസ്‌എഫ്‌ഐയ്ക്ക് യുയുസികളെ വിജയിപ്പിക്കേണ്ടതുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനും ക്യാംപസുകളില്‍ നിന്നും യുയുസികളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി യുവജനോല്‍സവത്തിന് ഒരുകോടി രൂപയാണ് യൂണിയന് ലഭിക്കുന്നത്. യുവജനോല്‍സവത്തിന് അനുവദിച്ച ഫണ്ടിന്റെ കണക്ക് ചോദിച്ചതിന്റെ പേരില്‍ എസ്‌എഫ്‌ഐ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

യൂണിയന്‍ തെരഞ്ഞെടുക്കപ്പെട്ടാലും ഈ കോവിഡ് സാഹചര്യത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്ന സ്ഥിതിയാണ്. എന്നാല്‍ ഇലക്ഷന്‍ കഴിയുന്നതോടെ ക്യാംപസുകളില്‍ കോവിഡ് കേസുകള്‍ ഉയരും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ക്ലാസുകളില്‍ കയറിയുള്ള പ്രചരണങ്ങളും തകൃതിയായി നടക്കുന്നു. മൂന്ന് സെമസ്റ്ററുകളിലെ പരീക്ഷകള്‍ പോലും മുടങ്ങികിടക്കുമ്ബോള്‍ രാഷ്ട്രീയലാഭത്തിനും സാമ്ബത്തികനേട്ടത്തിനുമായി വിദ്യാര്‍ത്ഥികളെ കോവിഡിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അമര്‍ഷമുണ്ട്.