ലഹരിമരുന്നു കേസ്; ബോളിവുഡിലെ 50 പ്രമുഖരുടെ പട്ടിക തയ്യാറാക്കി അന്വേഷണ സംഘം, ദീപിക നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

0
114

മുംബൈ: ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു (എന്‍സിബി) മുന്നില്‍ നാളെ ഹാജരാകും. ഇന്നുചോദ്യം ചെയ്യലിന് എത്തണമെന്നായിരുന്നു സമന്‍സ്. എന്നാല്‍, നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം നാളെ എത്താമെന്നാണ് താരം മറുപടി നല്‍കുകയായിരുന്നു. രാകുല്‍ പ്രീത് സിങ്, ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശ് എന്നിവരെ ഇന്നും, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ നാളെയും ചോദ്യം ചെയ്യും. ഗോവയില്‍ സിനിമാ ഷൂട്ടിങ്ങിലായിരുന്ന ദീപിക ഇന്നലെ രാത്രിയാണു ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തിയത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്, കരിഷ്മ, അഭിഭാഷകന്‍ എന്നിവര്‍ ഒപ്പണ്ടായിരുന്നു.

ഇന്നലെ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ടയെ 5 മണിക്കൂറും അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മാനേജരായിരുന്ന ശ്രുതി മോദിയെ 8 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. മുന്‍നിര സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ കമ്പനിയില്‍ ജീവനക്കാരനായ ക്ഷിതിജ് പ്രസാദിന് എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. വീട്ടില്‍ പരിശോധനയും നടത്തി. സമന്‍സ് ലഭിച്ചില്ലെന്ന് ആരോപിച്ചാണു നടി രാകുല്‍ ഇന്നലെ ചോദ്യം ചെയ്യലിന് എത്താതിരുന്നത്. തുടര്‍ന്ന് വീണ്ടും സമന്‍സ് കൈമാറി. ഗോവയില്‍ ചിത്രീകരണത്തിലായിരുന്ന സാറ, അമ്മ അമൃത സിങ്ങിനൊപ്പമാണു മുംബൈയിലെത്തിയത്.

അതേസമയം, ലഹരിക്കേസുമായി ബന്ധമുള്ള ബോളിവുഡിലെ 50 പ്രമുഖരുടെ പട്ടിക അന്വേഷണസംഘം തയാറാക്കുന്നതായി സൂചന. ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ക്വാന്‍’ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ദീപികയുടെയും സുശാന്തിന്റെയും മാനേജര്‍മാര്‍ ഈ കമ്പനി നിയോഗിച്ചവരാണ്. ബോളിവുഡിലെ ഒട്ടേറെ പ്രമുഖര്‍ക്ക് പലവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here