പിന്തുണച്ചവർക്ക് നന്ദിയുമായി ഡോ നജ്‌മ, തെറ്റ് തിരുത്തപ്പെടുവാനാണ് തുറന്ന് പറഞ്ഞത്

0
1149

കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഏറെ വിവാദത്തിൽ അകപ്പെട്ട ജൂനിയർ ഡോക്ടർ നജ്‌മ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു, ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് നജ്‌മ തന്റെ കൃതജ്ഞത അറിയിച്ചത്, തെറ്റ് ആവർത്തിക്കപ്പെടാതിരിക്കാനാണ് തനിക്ക് ഇങ്ങനെ തുറന്ന് പറയേണ്ടി വന്നതെന്ന് ഡോ: നജ്‌മ പറഞ്ഞു.

ഡോ നജ്‌മ സലീമിന്റെ ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോവിഡ് പ്രതിരോധനത്തിൽ വളരെ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച സ്ഥാപനമാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. അത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. അത് പോലെ തന്നെയുള്ള യാഥാർത്ഥ്യങ്ങളാണ് ശ്രീ. ബൈഹക്കിയുടെയും ശ്രീമതി. ജമീലയുടെയും ചികിത്സകളിൽ വന്ന അനാസ്ഥകളും. അവ ചൂണ്ടിക്കാണിച്ചപ്പോൾ തെറ്റുകൾ മറച്ചു വെക്കുകയും പിന്നീട് അനാസ്ഥകൾ നിഷേധിക്കുകയുമാണ് അധികാരികൾ ചെയ്തത്. അതിനാൽ തന്നെ അനാസ്ഥകളുടെ തുടർച്ച സംഭവിക്കാതെയിരിക്കാനാണ് മാധ്യമങ്ങളുടെ മുന്നിൽ എനിക്കിത് വെളുപ്പെടുത്തേണ്ടി വന്നത്.
ഇതു കാരണം സാധാരണക്കാരിൽ ഉണ്ടാകാവുന്ന ഭയം ഞാൻ തിരിച്ചറിയുന്നു. പക്ഷേ ആ ഭയത്തേക്കാൾ പ്രാധാന്യമാണ് ആരുടേയും ജീവൻ അനാസ്ഥ കാരണം പൊലിയാതെ ഇരിക്കുക എന്നത്.
നല്ലതിന്റെ ക്രെഡിറ്റുകൾ എടുക്കുന്നതിനൊപ്പം സംഭവിച്ച വീഴ്ചയും ഏറ്റെടുത്ത് വേണ്ട നടപടികൾ അധികാരികൾ സ്വീകരിച്ചിരുന്നു എങ്കിൽ സാധാരണക്കാരിലെ ഈ ഭയം നീങ്ങുകയും പൊതുമേഖലാ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുമായിരുന്നു.
ഞാൻ പൊതുമേഖലാ ആരോഗ്യരംഗത്തെ ഒന്നടക്കം കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ പ്രതികരണം സർക്കാറിനോ മുഴുവൻ സിസ്റ്റർമാർക്കോ ഡോക്ടർമാർക്കോ എതിരെയല്ല. മറിച്ച്, അനീതിയ്ക്കും അനാസ്ഥയ്ക്കും എതിരെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഞാൻ ശ്രദ്ധയിൽ പെടുത്തിയത്. തെറ്റ്‌ ആരുടെ ഭാഗത്ത് നിന്ന് വന്നാലും അത് തിരുത്തപ്പെടേണ്ടതാണ്.
എന്റെ കോളേജിലെ നിസ്വാർത്ഥമായ് പ്രയത്നിക്കുന്ന ഡോക്ടർമാർ, നഴ്സ്മാർ, നഴ്സിങ് അസിസ്റ്റൻമാർ, ക്ളീനിംഗ് സ്റ്റാഫുകൾ , അറ്റന്റർമാർ സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങിയ അനേകം ആരോഗ്യപ്രവർത്തകർ ഇന്നും എന്റെ പ്രചോദനമാണ്. ഇത് മനസ്സിലാക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരോടും ജനങ്ങളോടും എന്നെ പിന്തുണയ്ക്കുന്ന ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
Dr.Najma Salim

LEAVE A REPLY

Please enter your comment!
Please enter your name here