മദ്യപാനികള്‍ക്ക് നിരാശ; സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

0
33

തിരുവനന്തപുരം: മദ്യപാനികള്‍ക്ക് നിരാശയായി സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്.

സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്സൈസ് ശുപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്‌സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്സൈസ് ശുപാര്‍ശയില്‍ ഉളളത്.നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും ബാറുകളുടെ പ്രവര്‍ത്തനമെന്ന് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലൈസന്‍സുള്ള റസ്റ്റോറന്റുകളിലും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here