റിയ ചക്രബര്‍ത്തി ലഹരിമാഫിയ സംഘത്തിന്റെ പ്രധാന കണ്ണി ദീപികാ പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരുടെ ഫോണില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചു

0
254

മുംബൈ: ബോളിവുഡ് നടി റിയ ചക്രബര്‍ത്തി ലഹരിമാഫിയ സംഘത്തിന്റെ പ്രധാന കണ്ണിയാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ബോംബെ ഹൈക്കോടതിയിലാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിലെ ഉന്നതര ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാനിയാണ് റിയയെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. റിയയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. റിയയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നാര്‍ക്കോട്ടിക്സ് ബ്യൂറോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടന്‍ സുശാന്ത് സിംഗ് രജ്പുത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നത് റിയക്ക് അറിയാമായിരുന്നു. ഈ വിവരം മറച്ചുവെക്കുകയും സുശാന്തിന് ലഹരി ഉപയോഗിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുകയും ചെയ്തു.

സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത് റിയയാണ്. ഇതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നും എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സത്യവാങ്മൂലത്തില്‍ പറഞ്ഞു. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിക്കെതിരെയും എന്‍സിബി ആരോപണങ്ങള്‍ ഉന്നയിച്ചു. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബി ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ അനൂജ് കേശ്വാനിയുമായി റിയക്ക് അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം പ്രമുഖ നടിമാരായ ദീപികാ പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ എന്‍സിബി ചോദ്യം ചെയ്യുകയും ഫോണ്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here