മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം; വിമര്‍ശിച്ച് കാന്തപുരം വിഭാഗം

0
7200

മയ്യിത്തുകൾക്ക് മെമ്പർഷിപ്പ് നൽകുന്ന പാർട്ടിയാണ് സിപിഎം; വിമർശിച്ച് കാന്തപുരം വിഭാഗം

മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന ‘ബഹുമതി’ ഡിവൈഎഫ്ഐക്കും സി പി എമ്മിനുമാണെന്ന് കാന്തപുരം വിഭാഗം നേതാവും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂർ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്.

ഫേസ്ബുക് പോസ്റ്റ്:

പറയാതിരുന്നാൽ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്നേഹിക്കുന്നവരോടുമുള്ള അനീതി.
മരിച്ചവർക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസറഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവർത്തകൻ, അതേ, സുന്നി പ്രവർത്തകൻ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളിൽ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പൻ അഭിവാദ്യങ്ങൾക്ക് നടുവിൽ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവൻ സുന്നി പ്രവർത്തകൻ മാത്രമായിരുന്നു. ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന ‘ബഹുമതി’ ഡിവൈഎഫ്ഐക്കും സി പി എമ്മിനുമിരിക്കട്ടെ.
സഖാക്കളേ, ‘ഞങ്ങൾ’ക്കൊപ്പമുണ്ട് എന്ന് നിങ്ങൾ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത്‌ അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവർക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാർട്ടി അംഗത്വം നൽകലോ പാർട്ടി പതാക പുതപ്പിക്കലോ അല്ല.
സഖാക്കളേ,
കൊല്ലപ്പെട്ടവർക്കൊപ്പം നിൽക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമർഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവർത്തകൻ ഔഫിനോട് നിങ്ങൾ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതിൽ) ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ദയവായി പാർട്ടി രക്തസാക്ഷികളുടെ പട്ടികയിൽ പേര് ചേർത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമർപ്പിച്ചു പ്രവർത്തിച്ച അതേ സുന്നിസംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്ന ഒരു സഹപ്രവർത്തകന്റെ അപേക്ഷ.

മുഹമ്മദലി കിനാലൂർ
25-12-2020

LEAVE A REPLY

Please enter your comment!
Please enter your name here