കൊവിഡ് പോസിറ്റീവായ ആള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു; എംപിയും എംഎല്‍എയും ക്വാറന്റീനില്‍

0
171

പത്തനംതിട്ട: പത്തനംതിട്ടയില്‍ എംപി ആന്റോ ആന്റണിയും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറും ക്വാറന്റീനില്‍. ആര്‍ടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജീവനക്കാരനൊപ്പം എംപിയും എംഎല്‍എയും പൊതുചടങ്ങില്‍ പങ്കെടുത്തിരുന്നു. രോഗവ്യാപന തോത് കൂടിയതോടെ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഏറ്റവും അധികം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന ഇന്നും തുടരും. വയോധികര്‍ക്ക് ഏര്‍പ്പെടുത്തിയ റിവേഴ്‌സ് ക്വാറന്റീനും കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി. ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക കൂട്ടുന്നു. ഔദ്യോഗികമായി സൂപ്പര്‍ സ്‌പ്രെട് ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരാളില്‍ നിന്ന് 23 പേരിലേക്ക് രോഗം പകരുന്നത് ഇതിന്റെ സൂചന തന്നെയാണ്. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളുടെ ഫലം പൊസിറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി നിലവില്‍ കണ്ടെയിന്‍മെന്റ് സോണായ നഗരസഭയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരില്‍ പൊതു പ്രവര്‍ത്തകരുടെ എണ്ണവും കൂടുന്നു. ഇന്നലെ രോഗം ബാധിച്ച ഒരാള്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാണ്. അതേസമയം രോഗം ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും കൂടുന്നതോടെ ജില്ലയിലെ വയോധികര്‍ക്കും മറ്റ് രോഗിങ്ങള്‍ ഉള്ളവര്‍ക്കും കൂടുതല്‍ കരുതല്‍ നല്‍കും. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 187 511 വയോധികരാണ് ജില്ലയിലുള്ളത്. ഇവരെ വീടുകളില്‍ പ്രത്യേക മുറിയില്‍ താമസിപ്പിച്ച് പരാമവധി മറ്റുള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here