കണ്ണൂര്‍: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരന് കെ.പി.സുനിലിനു മികച്ച ചികിത്സ ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്കുമെന്നു സുനിലിന്റെ ബന്ധുക്കള്‍. സുനിലിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നു കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച ബന്ധുക്കള്‍, സുനില്‍ മരിക്കുന്നതിനു 2 ദിവസം മുന്‍പ് സഹാദരനുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിട്ടിരുന്നു.
‘ഞാനിവിടന്ന് മരിക്കാറായി, ഒന്നു പറ. ഞാനിപ്പം ഇവടന്നു ചാവും. ഇവിടെ നോക്കാനും പറയാനും ആരുമില്ല. അച്ഛനോട് വേഗം വരാന്‍ പറ. ഞാനിപ്പം ഹോസ്പിറ്റലില്‍ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്ന് പറ. ഇവിടെ ആരും നോക്കുന്നില്ല..’ പുറത്തുവിട്ട ഓഡിയോയില്‍ പറയുന്നു.
എക്സൈസ് ഓഫീസറുടെ മരണം പ്രത്യേക കേസായി എടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും, രോഗിക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.