ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയ സിബിഐ റിപ്പോർട്ടിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചു. അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15 ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ട പോലീസിന് ആദ്യ വിവരം നൽകിയ പരാതിക്കാരൻ അബ്ദുൽ മജീദ് ചെമ്പരിക്ക ആണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഉന്നതതല സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നും ഹർജിയിൽ അപേക്ഷിച്ചു. വാദം കേൾക്കാൻ കോടതി കേസ് 17ലേക്ക് മാറ്റി. അബ്ദുള്ള മൗലവിയുടെ മരണം അപകടമരണമോ അസ്വാഭാവിക മരണമോ ആകാമെന്നും കൊലപാതകം നടന്നു എന്നതിന് തെളിവില്ലെന്നും ആയിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ട്.