നെട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ സംഘട്ടനം; വെട്ടേറ്റ 19കാരന്‍ മരിച്ചു

0
154

കൊച്ചി: നെട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെട്ടേറ്റ 19 കാരന്‍ മരിച്ചു. നെട്ടൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിലെ വെളിപ്പറമ്പില്‍ വീട്ടില്‍ ഫഹദ് ഹുസൈന്‍ (19) ആണ് കൊല്ലപ്പെട്ടത്. ഫഹദ് പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്. ലഹരി സംഘങ്ങളുടെ കേന്ദ്രമായ ദേശീയ പാതയില്‍ നെട്ടൂര്‍ പാലത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍. നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരിലായിരുന്നു കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘര്‍ഷം ഉടലെടുത്തത്. ഇതില്‍ ഇടപെട്ട് ഒരാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫഹദിനെ വടിവാള്‍ ഉപയോഗിച്ച് കൂട്ടത്തില്‍ മറ്റൊരാള്‍ വെട്ടിയത്.

കൈത്തണ്ടയില്‍ വെട്ടേറ്റ ഫഹദ് ദേശിയ പാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഫഹദിനെ ആശുപത്രിയില്‍ എത്തിക്കാനും വൈകിയിരുന്നു. 20 മണിക്കൂറോളം വെന്റിലേറ്ററില്‍ കഴിഞ്ഞെങ്കിലും മരിക്കുകയായിരുന്നു. നെട്ടൂര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങള്‍ ഇരുട്ടുവീണാല്‍ ലഹരിസംഘങ്ങളുടെ കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. നേരത്തെ ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് കഴിഞ്ഞദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here