രാഷ്ട്രീയ വിരോധം തീർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്ത് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ആഘോഷിക്കപ്പെടേണ്ടതാണോ?

0
485

2014ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ സാമാന്യ ജനത്തിന് ഏറെ പ്രതീക്ഷകളാണുണ്ടായിരുന്നത്, അഴിമതിയിൽ മുങ്ങിക്കുളിച്ചു എന്ന പേരുദോഷം നേടിയ യുപിഎ സർക്കാരിന് പകരം രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ക്രിയാത്മക ബദലായി മുന്നോട്ട് പോവാൻ എൻഡിഎ സർക്കാരിന് കഴിയും എന്ന് ജനം പ്രതീക്ഷിച്ചിരുന്നു എന്നതാണ് വസ്‌തുത, എന്നാൽ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുമ്പോൾ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് മാത്രമല്ല ഭരണഘടന സ്ഥാപനങ്ങൾ മൊത്തം അട്ടിമറിക്കപ്പെടുകയും ജംഗിൾ രാജ് എന്ന ആരോപണത്തെ സാർത്ഥകമാക്കുന്ന രീതിയിൽ മോദി ഭരണം എത്തിച്ചേരുകയും ചെയ്‌തിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിവിധങ്ങളായ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും പ്രതിയോഗികളെ വേട്ടയാടുന്നതും, കേസന്വേഷണം എന്ന പേരിൽ പുകമറ സൃഷ്ടിച്ച് ബിജെപിക്ക് രാഷ്ട്രീയ ലാഭം നേടാനുള്ള ഒരു ഉപാധിയായി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണ് ബിജെപി. ഇത് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത തകർക്കുകയും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുകയും അതുവഴി ദൂരവ്യാപകമായ പ്രത്യാഘതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നവർക്കെതിരെ കേസ് വന്നതും മഹാരാഷ്ട്രയിൽ ശിവസേന എൻഡിഎ മുന്നണി വിട്ട് കോൺഗ്രസ്, എൻസിപി എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ചതോടെ മുംബൈയിലെ കേസുകളിൽ സിബിഐയുടെ അമിതാധികാര പ്രയോഗവും ഭീമ കൊറേഗാവ് കേസിൽ സംസ്ഥാന താൽപര്യം മറികടന്ന് സിബിഐ കേസന്വേഷണം ഏറ്റെടുത്തതും തുടർന്ന് സിബിഐ കേസന്വേഷിക്കണമെങ്കിൽ സംസ്ഥാന സർക്കാരിൽ നിന്ന് മുൻ‌കൂർ അനുമതി തേടണം എന്ന് മഹാരാഷ്ട്ര സർക്കാർ ഉപാധി വെച്ചതും ഒക്കെ ഈയൊരു പരിപ്രേക്ഷ്യത്തിൽ നിന്ന് വേണം മനസിലാക്കാൻ.
അതിന് മുൻപ് കർണാടകയിൽ കോൺഗ്രസ് ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാനും കേന്ദ്രം ഇ ഡി, സിബിഐ പോലുള്ള ഏജൻസികളെ ദുരുപയോഗം ചെയ്‌തു. കർണാടകയിൽ കോൺഗ്രസിന്റെ നട്ടെല്ലായി നിന്ന മുതിർന്ന നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടിലും ഓഫിസുകളിലും നിരന്തരം റെയിഡ് നടത്തിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ബിജെപി, പ്രതിപക്ഷ ബഹുമാനം തരിമ്പുമില്ലാതെ എതിർകകക്ഷികളെ ഭീഷണിപ്പെടുത്തി കാര്യലാഭം നേടാനുള്ള ഉപാധികളായാണ് കേന്ദ്രം ഇത്തരം ഏജൻസികളെ ഉപയോഗപ്പെടുത്തുന്നത് എന്ന വസ്‌തുത കേവലമായി സമീപിക്കുന്നതിന് പകരം ഗൗരവപൂർവ്വം നോക്കിക്കാണാൻ രാഷ്ട്രീയകക്ഷി ഭേദമന്യേ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം.

ഇത്തരത്തിൽ കേന്ദ്ര സർക്കാർ സൃഷ്‌ടിച്ച പ്രതികാര രാഷ്ട്രീയ പരിസരത്ത് നിന്ന് കൊണ്ട് വേണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ നോക്കിക്കാണാൻ, ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട് എന്ന് കാണിച്ചാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെങ്കിൽ ബിനീഷ് നിയമ നടപടികൾ നേരിടണം എന്ന കാര്യത്തിൽ തർക്കമില്ല, എന്നാൽ കണ്ടിടത്തോളം കേന്ദ്ര ഏജൻസികൾ പ്രതികാര രാഷ്ട്രീയത്തിന് വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന സഹചര്യത്തിൽ ബിനീഷിന്റെ അറസ്റ്റ് ആഘോഷിക്കപ്പെടെണ്ടതുണ്ടോ എന്ന കാര്യം ഗൗരവപൂർവം പരിശോധിക്കപ്പെടണം.

ബിനീഷിനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വരുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ്, ഇന്ന് അറസ്റ്റ് രേഖപെടുത്തിയപ്പോൾ അദ്ദേഹം അത് ആഘോഷമാക്കുകയും ചെയ്‌തു. ബിനീഷ് എന്ന വ്യക്തിക്കെതിരെയുള്ള നടപടികൾ കമ്മ്യുണിസ്റ്റ് പാർട്ടിക്കെതിരായ യുദ്ധപ്രഖ്യാപനമായി മാറുന്നുണ്ടെങ്കിൽ അത് തെറ്റായ നിലപാടായിരിക്കും.

ഫാസിസ്റ്റ് സ്വഭാവം കാണിച്ച് സമഗ്രാധിപത്യത്തിലേക്ക് നടന്ന് നീങ്ങുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്, ജർമനിയിൽ ഫാസിസ്റ്റുകൾക്കെതിരെയുള്ള യുദ്ധത്തിന് മുൻപന്തിയിലുണ്ടായത് കമ്മ്യൂണിസ്റ്റ് ശക്തികളായിരുന്നു. ഫാസിസ്റ്റ് വിരുദ്ധതയിൽ കമ്മ്യുണിസത്തിന് സ്പഷ്ടമായ ഒരിടം വിവിധ ചരിത്രകാരന്മാർ നല്കിപ്പോന്നിട്ടുണ്ട്, അന്താരാഷ്ട്രതലം മുതൽ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഘപരിവാറും ഫാഷിസവും എന്ന എം കെ മുനീർ രചിച്ച പഠനാർഹമായ കൃതിയിൽ വരെ നമുക്ക് അത്തരം ഇടങ്ങൾ കാണാൻ സാധിക്കും, മാർക്സിസ്റ്റ്- കമ്മ്യുണിസ്റ്റ് ദർശനങ്ങളുടെ സമഗ്രാധിപത്യ സ്വഭാവത്തെ മനസിലാക്കിക്കൊണ്ടും അവയോട് വിമർശനം പുലർത്തിക്കൊണ്ടും തന്നെയാണ് ഇത്തരമൊരു ഇടം അംഗീകരിക്കാം ജനാധിപത്യ വാദികൾ തയാറായത്, ചുരുക്കിപ്പറഞ്ഞാൽ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഇന്ധനം ഉപയോഗിക്കപ്പെടേണ്ടത് തന്നെയാണ്, കൂടെയുണ്ടെന്ന് പറഞ്ഞ് കുതികാൽ വെട്ടുന്ന മുത്തശ്ശി പാർട്ടികളേക്കാൾ വിശ്വാസയോഗ്യവും ഇത്തരം പാർട്ടികൾ തന്നെയാവും. ഈ പ്രാഥമിക തത്വം മനസ്സിൽ വെച്ച് കൊണ്ട് തന്നെയാവണം അവർക്കെതിരെ രാഷ്ട്രീയമായ നിലപാടുകൾ എടുക്കുന്നത്.

മുൻപ് ബംഗളൂരു സ്‌ഫോടനക്കേസിൽ മഅദാനിയെ കർണാടക പൊലീസിന് പിടിച്ച് കൊടുത്തത് തങ്ങളാണെന്ന് കോടിയേരി മേനി പറഞ്ഞ് നടന്നിരുന്നു, മഅദനി പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി ജയിൽവാസം പൂർത്തീകരിച്ചത് ഈയടുത്താണ്, സുപ്രീം കോടതി നിർദേശമുണ്ടായിട്ടും കേസിൽ വിചാരണ നടത്താൻ കർണാടക സർക്കാർ തയാറായിട്ടില്ല, ഇന്ന് ബിനീഷ് ചെല്ലുന്നതും ഇതേ അഗ്രഹാര ജയിലിലേക്കാണ്, കാലത്തിന്റെ കാവ്യനീതി എന്ന് പറഞ്ഞ് വേണമെങ്കിൽ മാറി നിൽക്കാം, എന്നാൽ അതിനുമപ്പുറത്തേക്ക് കാര്യങ്ങൾ നോക്കിക്കാണാനും സാധിക്കണം

ബിനീഷ് കോടിയേരി മാത്രമല്ല ലീഗ് നേതാക്കളായ കെ എം ഷാജി, ഇബ്രാഹിം കുഞ്ഞ്, കെ പി എ മജീദ് എന്നിവരും ഇ ഡി അന്വേഷണമെന്ന റഡാറിന്റെ നിരീക്ഷണത്തിലാണ്, ദേശീയ രാഷ്ട്രീയത്തിലെ വമ്പൻ സ്രാവായ പി ചിദംബരം പോലുള്ള അതികായനെ തിഹാർ ജയിലിന്റെ അഴികളെണ്ണിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ കെ എം ഷാജിയും, കെ പി എ മജീദും, ഇബ്രാഹിം കുഞ്ഞുമെല്ലാം ഇ ഡിക്ക് മുൻപിൽ കേവലം പരൽമീനുകളാണ്. അതുകൊണ്ട് തന്നെ ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ കഴമ്പുണ്ടെങ്കിൽ അവ നിലനിർത്തിക്കൊണ്ട് തന്നെ ദേശീയ അന്വേഷണ ഏജൻസി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നുവോ എന്ന് പരിശോധിക്കാനും തയാറാവണം, പ്രത്യേകിച്ചും കേരളം തദ്ദേശ/ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നടന്നടുക്കുന്ന ഈ വേളയിൽ. ഏതുവിധേനയും കേരളത്തിൽ രാഷ്ട്രീയമായി മേൽവിലാസം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്, അതിന് വേണ്ടി വെള്ളം കോരുന്ന നടപടി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്, വിശാലാർത്ഥത്തിലെങ്കിലും സംഘടിക്കാൻ പ്രതിപക്ഷത്തിന് സാധ്യമാവണം.

LEAVE A REPLY

Please enter your comment!
Please enter your name here