ബെംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ താര ദമ്പതികളെ ചോദ്യം ചെയ്ത് വിട്ടയച്ചു, കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ സഞ്ജന ഗല്‍റാണിയെ ജയിലിലേക്ക് മാറ്റി

0
38

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ താരദമ്പതികളെ സിസിബി ചോദ്യം ചെയ്ത് വിട്ടയച്ചു. നടന്‍ ദിഗന്ത് മഞ്ചലയോടും ഭാര്യയും നടിയുമായ ഐന്ദ്രിത റായിയോടും കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ ഇരുവരെയും നാല് മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു, ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങള്‍ പങ്കെടുത്ത ശ്രീലങ്കയില്‍ വച്ചു നടന്ന ലഹരി പാര്‍ട്ടികളെ കുറിച്ചടക്കം വിവരങ്ങള്‍ തേടി. തങ്ങള്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ദമ്പതികള്‍ മൊഴി നല്‍കി. രണ്ടുപേരെയും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും സിസിബി അറിയിച്ചു.

അതേസമയം, കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലായിരുന്ന സഞ്ജന ഗല്‍റാണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് സിസിബി കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് ഇവരെ മാറ്റിയത്. നടി രാഗിണി ദ്വിവേദിയും കേസില്‍ പിടിയിലായ 10 പ്രതികളും നിലവില്‍ ഇതേ ജയിലിലാണുള്ളത്. അതേസമയം പ്രമുഖര്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ ലഹരിമരുന്ന് വിതരണം ചെയ്ത ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ സ്വദേശിയായ ബെനാള്‍ഡ് ഉദെന്നയാണ് സിസിബിയുടെ പിടിയിലായത്. 12 ഗ്രാം കൊക്കൈനും ഇയാളില്‍നിന്നും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here