അസ്ഹറുദ്ദീനെ വാനോളം പ്രശംസിച്ച് വീരുവും ഭോഗ്ലെയും; അപ്രതീക്ഷിത സമ്മാനവുമായി കെസിഎ

0
280


മുംബൈ: വാംങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ കൊന്ന് കൊലവിളിച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനത്തില്‍ വണ്ടറടിച്ച് മുന്‍ താരം വിരേന്ദ്ര സെവാഗും കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലയും. അതോടൊപ്പം അസ്ഹറുദ്ദീന് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. 1.37 ലക്ഷം രൂപയാണ് അസ്ഹറുദ്ദീന്റെ മാസ്മരിക ഇന്നിംഗ്‌സിന് കെസിഎ നല്‍കുന്ന സമ്മാനത്തുകയെന്ന് സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ അറിയിച്ചു

അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ് ആസ്വദിച്ചുവെന്ന് വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ കുറിച്ചു. മുംബൈയെപ്പോലൊരു ടീമിനെതിരെ ഇത്തരത്തില്‍ ഒരിന്നിംഗ്‌സ് കടുപ്പമേറിയതാണ്. 54 പന്തില്‍ നിന്ന് 137 റണ്‍സടിച്ച് അദ്ദേഹം ജോലി പൂര്‍ത്തിയാക്കി. അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ് ആസ്വദിച്ചു- വീരേന്ദ്ര സെവാഗ് ട്വീറ്റ് ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേരില്‍ അസാധാരണമായ കളിക്കാരനെ കണ്ടു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ കാണുന്നു. അദ്ദേഹത്തിന് മനോഹരമായ ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കുന്നു-ഹര്‍ഷ ഭോഗ്ല ട്വീറ്റ് ചെയ്തു. ഇരുവരുടെയും ട്വീറ്റില്‍ അസ്ഹറുദ്ദീനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിന് പിന്നാലെയാണ് സമ്മാനവുമായി കെസിഎയും രംഗത്തെത്തിയത്.

സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുകയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഷ്താഖ് അലി ട്വന്റി20യിലെ രണ്ടാംമത്സരത്തില്‍ മുംബൈയെ കേരളം അനായാസം കീഴടക്കിയപ്പോള്‍ 54 പന്തില്‍ 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വംങ്കഡേയില്‍ വമ്പന്‍മാരെന്ന് വീമ്പ് പറഞ്ഞ മുംബൈയുടെ കൊമ്പൊടിക്കുകയായിരുന്നു കേരളത്തിന്റെ ചുണക്കുട്ടികള്‍. കരുത്തരായ മുംബൈ ഉയര്‍ത്തിയത് 197 റണ്‍സിന്റെ വിജയലക്ഷ്യം. എന്നാല്‍ സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും ഒട്ടും ഭയപ്പെടാതെ മുഹമ്മദ് അസ്ഹറുദ്ദീനും റോബിന്‍ ഉത്തപ്പയും കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം നീക്കി.

37 പന്തില്‍ സെഞ്ച്വറി തികച്ചു ഇരുപത്തിയാറുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍. അസര്‍ താണ്ഡവത്തില്‍ 197 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടന്നു. 23 പന്തില്‍ 33 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണും അസ്ഹറുദ്ദീന് ഉറച്ച പിന്തുണ നല്‍കി. രണ്ട് റണ്‍സുമായി സച്ചിന്‍ ബേബി, അസ്ഹറുദ്ദീനൊപ്പം പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സിലെത്തിയത്. യശ്വസി ജയ്‌സ്വാള്‍ 40ഉം ആദിത്യ താരെ 42 ഉം റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 38 റണ്‍സ് നേടി. ശിവം ദുബേ(26), സിദ്ധാര്‍ഥ് ലാഡ്(21), സര്‍ഫ്രാസ് ഖാന്‍(17), എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകാര്‍. കേരളത്തിനായി ജലജ് സക്സേനയും കെ എം ആസിഫും മൂന്ന് വീതവും നിതീഷ് ഒരു വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here