നിയമസഭാ തിരഞ്ഞെടുപ്പുകള്‍; ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമതി യോഗം ഇന്ന്

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം.

സ്ഥാനാര്‍ഥിത്വം, പ്രചാരണത്തില്‍ ഉയര്‍ത്തേണ്ട വിഷയങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി ,അനുപ്രിയ പട്ടേലിന്റെ അപ്നാ ദള്‍ പാര്‍ട്ടിയുമായി അന്തിമഘട്ടസീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ബിജെപി നടത്തും.

സമാജ് വാദി പാര്‍ട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈദ്യുതിയുടെ രജിസ്‌ട്രേഷനും ഇന്ന് ആരംഭിക്കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുന്നത്. ഉത്തരാഖണ്ഡിലെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

അതേസമയം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറാനൊരുങ്ങിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുറത്താക്കല്‍ നടപടിക്ക് പിന്നാലെ സരിത ബിജെപിയില്‍ പ്രവേശിച്ചു.ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് സരിത ബിജെപിയില്‍ പ്രവേശിച്ചത്. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞത്.