നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 2.67 കോടി വോട്ടര്‍മാര്‍, പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം

0
28


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2.67 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഇനിയും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1,37,79,263 സ്ത്രീ വോട്ടര്‍മാരും 1,02,95,202 പുരുഷ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സജന്‍ഡര്‍മാരുടെ എണ്ണം 221 ആയി വര്‍ധിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 32,14,943 പേര്‍. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവര്‍ 2.99 ലക്ഷം പേണ്ട്. 1.56 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും ടിക്കാറാം മീണ പറഞ്ഞു.
ഒരു പോളിങ്ങ് സ്‌റ്റേഷനില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. അതിനാല്‍ ഇത്തവണ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിക്കും. പുതുതായി 15,730 പോളിങ് സ്‌റ്റേഷനുകള്‍ കൂടി വരും. ഇതോടെ ആകെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 40, 771 ആകും.
പ്രത്യേക കാമ്പയിന്‍ നടത്തിയതിന്റെ ഫലമായി 10 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 10 ദിവസം മുന്‍പുവരെ പേരു ചേർക്കാൻ അപേക്ഷിക്കാം. വൈകി അപേക്ഷിക്കുന്നവരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിലുള്ള കാലതാമസം മൂലം പട്ടികയില്‍ ഉള്‍പ്പെടാതെ പോകാന്‍ ഇടയുള്ളതിനാല്‍ എത്രയും നേരത്തെ അപേക്ഷിക്കുന്നതാണ് നല്ലതെന്നും ടിക്കാറാം മീണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here