മലയാള സിനിമയിലെ മഹാ നടൻമാർ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചില്ല രൂക്ഷ വിമർശനമുമായി അഷ്റഫ് താമരശ്ശേരി

0
1332

ദുബായ്: മലയാള സിനിമയിലെ മഹാ നടൻമാർ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചില്ലെന്ന് രൂക്ഷമായി വിമർശിച്ച് അഷ്റഫ് താമരശ്ശേരി. കേരളത്തിലെ സിനിമാ നടൻമാർ പ്രവാസികളുടെ വിഷയത്തിൽ പ്രതികരിക്കാത്തതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….

രാഷ്ട്രിയക്കാരും മന്ത്രിമാരും പ്രവാസികളോട് കാണിക്കുന്ന നന്ദിക്കേടിനെ കുറിച്ച് പറയുമ്പോൾ,ഒരു വിഭാഗത്തെ കൂടി പറയാതെ വയ്യ.നമ്മുടെ സിനിമാക്കാർ, നമ്മുടെ ഇഷ്ടതാരങ്ങൾ,ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയവർ, അഭിനയത്തിന് രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും ലഫ്റ്റനന്റ് കേണൽ പദവിയും,രാജ്യസഭാ അംഗത്വവും നൽകി ആദരിച്ചവർ,ഇവരൊന്നും നമ്മുക്ക് വേണ്ടി പ്രതികരിച്ച് കണ്ടില്ല.മലയാള സിനിമ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചില്ല. ആവശ്യത്തിനും, അനാവശ്യത്തിനും വേണ്ടി ഗൾഫിൽ വന്ന് പോകുന്ന നമ്മുടെ താരങ്ങൾ,,ദുബായ് ഇവരുടെയൊക്കെ രണ്ടാമത്തെ വീടാണെന്ന് വീമ്പിളക്കുന്നവർ, നിങ്ങൾ ഒരാളുടെ ശബ്ദം ഞങ്ങൾക്ക് വേണ്ടി ഉയർന്നില്ല.നിങ്ങൾ സ്റ്റേജ് ഷോക്കും മറ്റും ഇവിടെ വരുമ്പോൾ നിങ്ങളെ കാണാനും,നിങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കുവാനും ഞങ്ങൾ പ്രവാസികൾ ഉണ്ടായിരുന്നു.അപ്പോഴെക്കെ നിങ്ങൾ ഞങ്ങളെ നോക്കി തമാശയായി പറയും, നിങ്ങൾ പ്രവാസികളാണ് ഞങ്ങളെ ഇന്നത്തെ താരങ്ങളാക്കിയതെന്ന്. ഞങ്ങൾ അത് വിശ്വവസിച്ചു.നിങ്ങളെ എയർപോർട്ട് മുതൽ സ്വീകരിച്ച്,നിങ്ങൾ തിരിച്ച് പോകുന്നത് വരെ ഞങ്ങളുടെ എല്ലാം ജോലിയും മാറ്റിവെച്ച് ഒരു സെക്യൂരിറ്റിയെ പോലെ നിങ്ങളോടപ്പം ഞങ്ങൾ ഉണ്ടാകാറുണ്ട്.എന്തോ കഴിഞ്ഞ 2 മാസക്കാലമായി നിങ്ങളുടെ ബ്ലോഗുകൾ, മുഖപത്രം,ട്വീറ്റ്.തുടങ്ങിയവ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കാത്തത്.കോവിഡ് എന്ന മഹാമാരി പിടിപ്പെടുന്നത് വരെ നിങ്ങൾക്ക് ഞങ്ങളെ വേണമായിരുന്നു.ഇപ്പോൾ ആർക്കും വേണ്ടതായത് പോലെ നിങ്ങൾക്കും ഞങ്ങളെ വേണ്ട.ഇന്ത്യയിലെ തന്നെ രണ്ട് മഹാനടന്മാരാണല്ലോ മമ്മൂട്ടിയും മോഹൻലാലും, ഞങ്ങൾ പ്രവാസികൾ ഒരുപാട് ഇഷ്ടപ്പെടുന്നവർ, ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ, ഞങ്ങൾക്ക് മനോബലം കിട്ടാൻ നിങ്ങളുടെ ഒരു വാക്ക് മതിയായിരുന്നു.അതും ഞങ്ങൾ പ്രതീക്ഷിച്ചു പ്രവാസികളുടെ പ്രതീകമായി എത്രയോ കഥാപാത്രങ്ങളെ നിങ്ങൾ അഭിനയിച്ച് വിജയിപ്പിച്ചിരിക്കുന്നു.അന്നം തേടിയുള്ള യാത്രയിൽ ആഴക്കടലിൽ മുങ്ങിപ്പോയവരാണ് പ്രവാസികൾ, പത്തേമാരിയിൽ പളളിക്കൽ നാരായണൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഇവിടെ ഓർമ്മപ്പെടുത്തട്ടെ, കിട്ടിയ ഇരുപതിനായിരത്തിൽ പതിനായിരം മാറ്റി വെച്ച് പതിനായിരം വീട്ടിലേക്കയച്ചെന്നു നാട്ടുകാർ കരുതിയപ്പോൾ, യഥാർത്ഥത്തിൽ ശമ്പളം കിട്ടിയ എഴായിരത്തിനോപ്പം കടം വാങ്ങിയ മൂവായിരവും ചേർത്ത് പതിനായിരം രൂപ മണിയോ‍ര്‍ഡർ അയക്കുന്ന പ്രവാസിയുടെയും കഥയെ മമ്മൂട്ടി മനോഹരമായി അവതരിപ്പിച്ചു.

പത്തേമാരിയിലെ പളളിക്കൽ നാരായണനായി മമ്മൂട്ടി അഭിനയിക്കുകയല്ലായിരുന്നു. ജീവിക്കുകയായിരുന്നു.ആ കഥാപാത്രത്തിനോട് അല്പം നീതി പുലർത്തിയിരുന്നെങ്കിൽ പ്രവാസികൾക്ക് വേണ്ടി താങ്കൾക്കെങ്കിലും സംസാരിക്കാമായിരുന്നു.താരമായതിന്റെ പേരിൽ എംപി ആയ ആളാണ് സുരേഷ് ഗോപി, അങ്ങേക്കും ഞങ്ങൾക്ക് വേണ്ടി ഒരു വാക്കെങ്കിലും പറയാമായിരുന്നു. ശ്രമിക്കാമായിരുന്നു.ഷൂട്ടിംഗ് ആവശ്യത്തിന് പോയ നിങ്ങളുടെ സഹപ്രവർത്തകർ പോലും പല രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.അവർക്ക് വേണ്ടി പോലും നിങ്ങൾ ശബ്ദിച്ചില്ല.അധികാരത്തിന്റെ പരസ്യങ്ങൾ കാണിക്കുവാൻ മാത്രമായി മലയാള സിനിമ മാറികഴിഞ്ഞു. എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് ഇന്ത്യ കണ്ട മികച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരിക്കൽ നിങ്ങളുടെ നിശബ്ദതയെ കുറിച്ച് പറയുകയുണ്ടായി. അതാണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത്.പത്തേമാരിയിലെ മമ്മൂക്കായുടെ കഥാപാത്രത്തിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് പറയട്ടെ,ഞങ്ങൾ പ്രവാസികൾ എല്ലാം മറക്കുവാനും, സഹിക്കുവാനും,ക്ഷമിക്കുവാനും കഴിവുളളവരാണ്,ഈ കോവിഡൊക്കെ കഴിഞ്ഞ് നിങ്ങൾ ഇവിടെ വരുമ്പോൾ സ്വീകരിക്കുവാനും, സ്നേഹിക്കുവാനും ഞങ്ങൾ ഇനിയും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here