ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Must Read

കോഴിക്കോട്:പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം.

ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935 ലാണ് മുഹമ്മദ് ജനിച്ചത്. നിലമ്പൂർ ഗവ: മാനവേദൻ ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി. 1959-ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായി. 1960-ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. 1962-ൽ വണ്ടൂരിൽനിന്നുള്ള കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ 1969-ൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1978 മുതൽ കെ.പി.സി.സി സെക്രട്ടറിയായി.

മൂന്ന് മന്ത്രിസഭകളിൽ അംഗമായ ആര്യാടൻ എട്ട് തവണ നിലമ്പൂരിൽനിന്നുള്ള എം.എൽ.എയായി. ഒരേ മണ്ഡലത്തിൽ നിന്ന് ഇത്രയധികം വിജയിച്ച ഒരു നേതാവ് മലബാറിൽ വേറെ ഉണ്ടാവില്ല. പതിനൊന്ന് തവണ മൽസരിച്ചതിൽ എട്ടു തവണയും ജയം ആര്യാടനൊപ്പം നിന്നു. 1965 ലും 67 ലും നിലമ്പൂരിൽ സഖാവ് കുഞ്ഞാലിയോട് ആര്യാടന് അടിയറവ് പറയേണ്ടി വന്നു. 1982 ൽ കോൺഗ്രസ്സിൽ നിന്ന് ഇടഞ്ഞ് നിലമ്പൂരിൽ മൽസരിച്ച ടി.കെ ഹംസയോടും അദ്ദേഹം തോറ്റു. 1969 ൽ എം.എൽ.എ ആയിരുന്ന സഖാവ് കുഞ്ഞാലിയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയായി പിടിക്കപ്പെട്ട ആര്യാടൻ ആറുമാസത്തോളം ജയിലിൽ കിടന്നു. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി.

കോണ്ഗ്രസ്സിലെ ആൻ്റെണി പക്ഷത്തിൻ്റെ ചാണക്യ തന്ത്രങ്ങൾ മെനഞ്ഞ ആര്യാടൻ 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോൾ നായനാർ മന്ത്രിസഭയിൽ വനം-തൊഴിൽ മന്ത്രിയായി. 1995-ൽ എ.കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ-ടൂറിസം വകുപ്പുകളുടെ ചുമതല വഹിച്ചു. 2011-ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു.

ഭരണകർത്താവ് എന്ന നിലയിൽ മികച്ച പ്രകടനമാണ് ആര്യാടൻ മുഹമ്മദ് കാഴ്ചവെച്ചത്. ബഡ്ജറ്റ് ചർച്ചകളിൽ ഒരു സാമ്പത്തിക വിദഗ്ധനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. UDF ഭരണ കാലത്ത് എല്ലാ അർത്ഥത്തിലും ഒരു ധനകാര്യ മന്ത്രിയാകാനുള്ള യോഗ്യത ആര്യാടനെക്കഴിഞ്ഞേ മറ്റാർക്കും ആ ചേരിയിൽ ഉണ്ടായിരുന്നുള്ളു.

2006 ൽ ധനമന്ത്രി ഡോ: തോമസ് ഐസക്കും പ്രതിപക്ഷ നിരയിലെ ആര്യാടൻ മുഹമ്മദും തമ്മിൽ കൊണ്ടും കൊടുത്തും നടന്ന സംവാദം നിയമസഭാതളത്തെ ഒരു പഠന വേദിയാക്കിയത് മറക്കാനാവില്ല. 2011 ൽ മന്ത്രി എന്ന നിലയിൽ അദ്ദേഹം സഭയിൽ സംസാരിക്കുമ്പോഴെല്ലാം ചെവി കൂർപ്പിച്ച് ഞാൻ കേട്ടിരുന്നിട്ടുണ്ട്. ഒരു സർവകലാശാലാ പ്രൊഫസറുടെ മുഖഭാവമാണ് ധനാഭ്യർത്ഥനകൾക്ക് മറുപടി പറയവെ അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽ പ്രകടമാകാറ്.

രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും പ്രതിപക്ഷ ബഹുമാനം അതിൻ്റെ സമ്പൂർണ്ണതയിൽ പാലിക്കാൻ ജാഗ്രത കാണിച്ച ആര്യാടൻ പരിചിതരോടെല്ലാം ഏറനാടിൻ്റെ കറകളഞ്ഞ സൗഹൃദം കാത്ത് സൂക്ഷിച്ചു. തൻ്റെ പാർട്ടിയുടെ ഓരോ അംഗത്തെയും പേരെടുത്ത് വിളിക്കാനറിയുന്ന ജില്ലയിലെ ഏക രാഷ്ട്രീയ നേതാവെന്ന ഖ്യാതി ആര്യാടന് മാത്രം അവകാശപ്പെട്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This