മാധ്യമ വാഴ്ത്തലുകളിലും ജനങ്ങളുടെ നന്ദി വാക്കുകളിലും മനം മറന്ന് ആത്യന്തികമായ നന്മ നാമാവശേഷമാകരുത്

0
141

ദുബായ്:കേറവിഡ്19 എന്ന മഹാ മാരിയിൽ ലോകം തന്നെ വിറങ്ങലിച്ച് നിൽകുമ്പോൾ ദുബായിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന യുഎഇ യിലെ ഏറ്റവും വലിയ പ്രവാസി സംഘടയായ കെഎംസിസി യുടെ പ്രവർത്തനങ്ങളെ അനുമോദിച്ച് ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബ്ൻ മുഹ് യുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെഎംസിസി എന്ന സംഘടനയുടെ പിറവി കൊണ്ട് പൂർവികരും നമ്മുടെ നേതാക്കളും സ്വപ്നം കണ്ട കാര്യങ്ങൾ അർഥം പകർന്ന നാളുകളാണ് കടന്നു പോയത്.
മാധ്യമ വാഴ്ത്തലുകളിലും ജനങ്ങളുടെ നന്ദി വാക്കുകളിലും മനം മറന്ന് ആത്യന്തികമായ നന്മ നാമാവശേഷമാകരുത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം


വിനയമായിരിക്കണം നമ്മെ മുന്നോട്ട്‌ നയിക്കേണ്ടത്

പ്രിയ കെ എം സി സി പ്രവർത്തകരെ..

കോവിഡ് – 19 ന്റെ താണ്ഡവത്തിൽ
ലോകം യാതനയുടെ തീച്ചൂളയിലായ സമയമാണിത്. നമ്മൾ ഉപജീവനം തേടിയെത്തിയ ഈ രാജ്യവും മഹാമാരിയുടെ ഭാഗമായി. രാജ്യവും ജനങ്ങളും രോഗത്തിന്റെ കടന്നാക്രമണം അതിജീവിക്കാനുള്ള നിതാന്ത പോരാട്ടത്തിലാണ്. സ്വദേശികളെ രോഗവ്യാപനത്തിൽ നിന്നും സുരക്ഷിതമാക്കാൻ പ്രയത്നിക്കുന്ന മട്ടിലും ഭാവത്തിലും തന്നെയാണ് വിദേശികളെയും രോഗകെടുതിയിൽ നിന്ന് കരയ്ക്കെത്തിക്കുവാൻ യു എ ഇ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഔദ്യോഗിക കേന്ദ്രങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും സഹായകമായി കെ എം സി സി യുടെ പ്രവർത്തകരും കൈ മെയ് മറന്ന് രക്ഷാദൗത്യങ്ങൾക്കിറങ്ങി. നിങ്ങളുടെ ആരോഗ്യവും ആത്മാർഥതയും കൊണ്ട് രോഗഭീതി താണ്ടി കടന്നവർ നിരവധിയാണ്. ഇവിടത്തെ അധികാരികളും മാധ്യമങ്ങളും അതു കാണുകയും അനുഭവിക്കുകയും ചെയ്തു. കെ എം സി സി എന്ന സംഘടനയുടെ പിറവി കൊണ്ട് പൂർവികരും നമ്മുടെ നേതാക്കളും സ്വപ്നം കണ്ട കാര്യങ്ങൾ നിങ്ങളുടെ കർമശേഷികൊണ്ട് അർഥം പകർന്ന നാളുകളാണ് കടന്നു പോയത്.

ഈ ദുരന്തമുഖത്ത് നിലയുറപ്പിച്ച നമ്മുടെ ലക്ഷ്യത്തിലും ചിന്തയിലും താളപ്പിഴ സംഭവിക്കാതെ ശ്രദ്ധിക്കണം. മാധ്യമ വാഴ്ത്തലുകളിലും ജനങ്ങളുടെ നന്ദി വാക്കുകളിലും മനം മറന്ന് , ആത്യന്തികമായ നന്മ നാമാവശേഷമാകരുത്.
ആത്മപ്രശംസയിൽ നിർവൃതിയടയുന്നതു ശുഭസൂചനയല്ലാത്തുകൊണ്ടാണ് ‘നിങ്ങൾ സ്വയം പ്രശംസിക്കരുതെന്ന് ‘ ഖുർആൻ ഉണർത്തിയത്.

നമുക്ക് ഈ മഹാമാരിയെ മനുഷ്യരിൽ നിന്നും തുരത്താൻ ഇനിയും കർമനിരതരാകേണ്ടതുണ്ട്. അതിനു പോറൽ ഏൽപ്പിക്കുന്ന വിധത്തിലും മാർഗഭ്രംശം സംഭവിപ്പിക്കുന്ന രീതിയിലും വാക്കിലോ പെരുമാറ്റത്തിലോ ഒന്നും സംഭവിക്കരുതെന്ന ദൃഢപ്രതിജ്ഞ ഓരോ പ്രവർത്തകരിലുമുണ്ടാകണം.

നാം മറ്റുള്ളവർക്കു സേവനം ചെയ്യുന്നതും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങുന്നതും‌ അല്ലാഹുവിന്റെ മാർഗത്തിലാണ്.
അതായിരിക്കണം കെ.എം.സി‌.സി പ്രവർത്തകരുടെ എക്കാലത്തേയും നിയ്യത്ത്. നമ്മൾ മറ്റു സംഘടനകളും സംവിധാനങ്ങളുമായി ഒരു മത്സരത്തിലോ പോരാട്ടത്തിലോ അല്ല. ഇതര സംഘടനകളെയോ സംവിധാനങ്ങളെയോ ഇകഴ്ത്താനും ചെറുതാക്കി കാണിക്കാനും ആവരുത് നമ്മുടെ പ്രവർത്തനങ്ങൾ. അവരുടെ പ്രവർത്തനങ്ങൾ ചെറുതാക്കി കാണുന്നതും നമ്മുടേതു വലുതാക്കി കാണിക്കുന്നതു പോലും ശരിയല്ല. അണ്ണാരക്കണ്ണനും തന്നാലായത് എന്നാണ് പണ്ടുള്ളവർ പറയുക. ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾ ഏറ്റവും മഹത്തായത് ആയിരിക്കും. മാനുഷിക സേവനങ്ങൾ നിർലോഭം ലഭിക്കേണ്ട സമയവുമാണിത്.

നമുക്ക് ലഭിച്ച സൗകര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നൽകിയതാണെന്ന വിചാരമാണ് വിനയത്തിനു നിദാനമാകണം .
ഇപ്പോൾ നമുക്ക് ലഭിച്ച അംഗീകാരവും പൊതുജന സ്വീകാര്യതയും തന്റെ സ്വന്തം കഴിവു കൊണ്ടാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അതു ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന അവിവേകിയുടെ നിഗമനത്തിനു സമമായിരിക്കും.

പിന്തുടരാൻ ഒരു വിശ്വാസവും പ്രവർത്തിക്കുവാൻ കർമപദ്ധതിയും ഉള്ളവർ, യാതനയുടെ കാലത്തെ ഓരോ നിമിഷവും വിലപ്പെട്ടതെന്ന് കരുതണം. പ്രയോജനപ്രദമായ കാര്യങ്ങളിൽ സദാ വ്യാപരിക്കുമ്പോൾ നമ്മുടെ ലക്ഷ്യം സാർഥകമാകും.

‘ഭൂമുഖത്തെ ഏറ്റവും സുന്ദരമായ ദൃശ്യം മനുഷ്യമുഖമാണെന്ന് ‘ എഴുതിയത്
ആംഗല സാഹിത്യകാരൻ ചാൾസ് ലാംബാണ്. ജാതി, മത, ദേശ ,ഭാഷഭേദമന്യേ ആ മനുഷ്യരുടെ മുഖത്ത് മന്ദഹാസം തിരിച്ചു കൊണ്ടുവരാനുളള ഭഗീരഥപ്രയത്നത്തിലാണ് നമ്മൾ. രോഗപീഢയിൽ നിന്നും മനുഷ്യർ കരകയറണം. നാട്ടിൽ അവരെ കാത്ത് കഴിയുന്ന കുടുംബങ്ങൾ ആശ്വാസത്തിലാകണം.
ഇരുനൂറിധികം രാജ്യക്കാർക്ക് അഭയം നൽകുന്ന ഐക്യ എമിറേറ്റുകളിലും പുതിയ പ്രഭാതം തെളിയേണ്ടതുണ്ട്. അതിനായി നമ്മളെല്ലാം പ്രാർഥിക്കുക, പ്രവർത്തിക്കുക.
സേവന രംഗത്ത് ജാഗ്രത പൂർവം നിലകൊള്ളുന്ന നമ്മുടെ പ്രവർത്തകർക്ക് അല്ലാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..

സ്നേഹപൂർവം…….
നിങ്ങളുടെ
ശംസുദ്ദീൻ ബ്ൻ മുഹ് യുദ്ദീൻ

വിനയമായിരിക്കണം നമ്മെ മുന്നോട്ട്‌ നയിക്കേണ്ടത്പ്രിയ കെ എം സി സി പ്രവർത്തകരെ..കോവിഡ് – 19 ന്റെ താണ്ഡവത്തിൽ ലോകം…

Posted by Shamsudheen Bin Mohidheen on Thursday, April 16, 2020

LEAVE A REPLY

Please enter your comment!
Please enter your name here