സിദ്ദീഖ് കാപ്പനെ വേട്ടയാടുന്ന യോഗിയുടെ പൊലീസും അഴിമുഖം അടങ്ങുന്ന മുഖ്യധാരയുടെ അർത്ഥഗർഭമായ മൗനവും

0
128

ഹത്രാസിലെ കൂട്ട ബലാത്സംഗകൊലക്ക് ഇരയാക്കപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിക്കപ്പെട്ടതും സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് രാഹുലും പ്രിയങ്കയും ആ വീട് സന്ദർശിച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു, സന്ദർശനത്തിന്റെ ആദ്യ ദിനം രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്യുകയുണ്ടായി, ഏറെ പ്രതിഷേധമുയർന്നപ്പോൾ പിറ്റേ ദിവസമാണ് രാഹുലിന് സന്ദർശനാനുമതി ലഭിക്കുന്നത്. രാഹുലിനെ മാത്രമല്ല മാധ്യമ പ്രവർത്തകരെയും യുപി പൊലീസ് ഹത്രാസ് സന്ദർശിക്കുന്നത് തടഞ്ഞു, പൊലീസ് വലയം ചോദ്യം ചെയ്‌ത്‌ എബിപി ന്യൂസ് റിപ്പോർട്ടർ പ്രതിമ മിശ്ര മാത്രമാണ് ഹത്രാസിലെ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് അടങ്ങുന്ന പരിസരത്തേക്ക് ക്യാമറയും മൈക്കുമായി പോവുന്നത്. രാഹുലിന്റെ സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകർക്ക് ഹത്രാസ് സന്ദർശിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായി, ഇതോടെയാണ് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകനും അഴിമുഖം പോർട്ടൽ ഡൽഹി ലേഖകനും മലയാളി പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ള്യജെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പൻ ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിക്കുന്നത്.

ഹത്രാസിലേക്കുള്ള യാത്രക്കിടെ സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്‌തു, സിദ്ദീഖിനൊപ്പം പോപ്പുലർ ഫ്രണ്ട് ഡൽഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുർറഹ്മാൻ, ഇവരുടെ ഡ്രൈവർ ഡ്രൈവർ ആലം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യദ്രോഹക്കുറ്റവും യുഎപിഎയുമാണ് കാപ്പനും സംഘത്തിനുമെതിരെയുള്ള ചാർജുകൾ! അവിടെ നിർത്താൻ യോഗിയുടെ പൊലീസ് തയാറായില്ല, ഇപ്പോൾ പുതുതായി ഓരോ കേസുകൾ കാപ്പന്റെ തലയിൽ വെച്ച് കെട്ടുകയാണ്, ഇന്ന് കാപ്പനെ കലാപശ്രമക്കേസിലും പ്രതിയാക്കിയിരിക്കുകയാണ്. യുപി പൊലീസ് ഒക്ടോബർ അഞ്ചിനാണ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്, ഇവരെ അറസ്റ്റ് ചെയ്‌ത കേസ് ചാർജ് ചെയ്തിരിക്കുന്നത് ഒക്ടോബർ നാലിനും! അതായത് ഒക്ടോബർ അഞ്ചിന് മാത്രം ഹത്രാസ് സന്ദർശിക്കാൻ ഇറങ്ങിയ സിദ്ദീഖ് കാപ്പനെതിരെ യുപി പൊലീസ് തലേദിവസം തന്നെ ഹത്രാസ് സന്ദർശിച്ചതിന് കേസെടുത്തിരുന്നു എന്ന്! ഇത്രയും ശുഷ്‌കാന്തി യുപി പൊലീസ് ഹത്രാസ് കേസിൽ കാണിച്ചിരുന്നുവെങ്കിൽ രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. അറസ്റ്റിലായതിന് പിന്നാലെ കാപ്പന് വേണ്ടി കെ യു ഡബ്ള്യു ജെ പ്രവർത്തകർ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു, എന്നാൽ ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിക്ക് അപകടം പറ്റുകയോ സന്നിഗ്ദാവസ്ഥയിൽ എത്തപ്പെടുകയോ ചെയ്‌താൽ സ്ഥാപനം കൂടെ നിൽക്കുക എന്നത് കേവല മര്യാദയാണ്, സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും അയാൾക്ക് ചെയ്‌ത്‌ കൊടുക്കാൻ സ്ഥാപനത്തിന് സാധിക്കണം, ഏറ്റവും ചുരുങ്ങിയത് ധാർമിക പിന്തുണ നൽകാനെങ്കിലും സാധിക്കണം. ഇവിടെയാണ് സിദ്ദീഖ് കാപ്പൻ പ്രവർത്തിച്ചിരുന്ന അഴിമുഖം ന്യൂസ് പോർട്ടൽ ഏവരെയും അതിശയിപ്പിക്കുന്നത്, ഇത്തരമൊരു സംഗതി നടന്നിട്ടേയില്ല എന്ന തരത്തിലാണ് അഴിമുഖത്തിന്റെ പ്രവർത്തനം, അറസ്റ്റിലായ ദിവസം അറസ്റ്റ് വാർത്തയാക്കി എന്നതിൽ കവിഞ്ഞ് യാതൊരു ഇടപെടലും കാപ്പന് വേണ്ടി അഴിമുഖത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല അറസ്റ്റ് വാർത്തയിൽ ഒട്ടും പ്രാധാന്യമില്ലാതിരുന്നിട്ടും സിദ്ദീഖ് മുൻ തേജസ് റിപ്പോർട്ടറായിരുന്നു എന്ന് നൽകാനും അഴിമുഖം ജാഗ്രത കാണിച്ചു എന്നതാണ്, അഴിമുഖത്തിന്റെ മുഖം മൂടി അഴിഞ്ഞ് അളിഞ്ഞ മുഖം കാണാൻ സിദീഖിന്റെ അറസ്റ്റ് ഹേതുവായി എന്ന് നിസ്തർക്കം പറയാം.

കാപ്പന്റെ അറസ്റ്റിൽ ഇടപെടൽ വേണമെന്ന് അഭ്യർത്ഥിച്ച് മാധ്യമപ്രവർത്തകർ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു, എന്നാൽ വിഷയത്തിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല എന്ന നിഷേധാത്മകമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്, തട്ടിപ്പ് കേസിൽ യുഎഇയിൽ ജയിലിലായിരുന്ന ബിജെപി സഹയാത്രികൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ഇന്ത്യൻ എംബസിയിലേക്ക് കത്തെഴുതാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരിമിതികൾ ഉണ്ടായിരുന്നില്ല എന്ന് ഇവിടെ സ്മരിക്കട്ടെ!

സമാനമായ സംഭവം ഓര്മ വരുന്നത് ദി വയർ റിപ്പോർട്ടറായിരുന്ന പ്രശാന്ത് കാനോജിയയുടെ കാര്യമാണ്, ഒരു ട്വീറ്റിന്റെ പേരിൽ ആഗസ്റ്റിൽ കാനോജിയയെ യുപി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി, അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്തോ നിലവിലോ കാനോജിയ വയറിന്റെ സ്റ്റാഫ് അല്ല, എന്നിട്ടും നിരവധി സ്റ്റോറികളാണ് കാനോജിയക്ക് വേണ്ടി വയർ പ്രസിദ്ധീകരിച്ചത്, സിദ്ദീഖിന്റെ കാര്യത്തിൽ വൃത്തിയായി ഒരു സ്റ്റോറിയെങ്കിലും അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുകയാണ്.

മുസ്ലിം സ്വത്വം ഒളിയോ മറയോ കൂടാതെ അക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്ന കാലത്താണ് കാപ്പനെപ്പോലുള്ളവർ യാതൊരു ഭയവുമില്ലാതെ ഹിന്ദുത്വരുടെ ഇഷ്ടഭൂമികയിൽ സ്വാതന്ത്ര്യ മാധ്യമപ്രവർത്തനത്തിന് രംഗത്തിറങ്ങുന്നത്, അവരെ ഏതുവിധേനയും അടിച്ചമർത്തുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര/ സംസ്ഥാന സർക്കാരുകൾക്ക്, കേവലമൊരു സിദ്ദീഖ് കാപ്പനെയല്ല മറിച്ച് ഒരു സമുദായത്തെ തന്നെയാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയാൻ അഴിമുഖത്തിനോ മുഖ്യമന്ത്രിക്കോ സാധിച്ചില്ല എന്നത് ഖേദകരമാണ്, സംഘപരിവാറിന്റെ വേട്ടയെ പ്രതിരോധിക്കാൻ മുസ്ലിം സമൂഹത്തോടൊപ്പം ഉണ്ടാവില്ല എന്ന സന്ദേശമാണ് ഇവിടുത്തെ മുഖ്യധാരയെ പ്രതിനിധീകരിക്കുന്ന അഴിമുഖവും പിണറായി വിജയനും അവരവരുടെ ഇടപെടലുകളിലൂടെ അടയാളപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here