കോട്ടയം : കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ മലയാളി സമൂഹത്തെയും കേരളത്തെയും ഞെട്ടിച്ചു കൊണ്ട് യുവ മലയാളി നഴ്സിനെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മെറിന് ക്രൂരമായി കൊല്ലപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഭര്‍ത്താവ് നെവിന് എന്ന ഫിലിപ് മാത്യു, മെറിനെ കുത്തി കൊലപ്പെടുത്തുന്നത്.
കോട്ടയം മോനിപ്പള്ളി മരങ്ങാടില് ജോയി – മേഴ്സി ദമ്ബതികളുടെ മകളാണ് മെറിന്. ഭര്‍ത്താവ് നെവിന് എന്ന ഫിലിപ്പ് മാത്യുവും യുഎസില്‍ മെയില്‍ നഴ്സായിരുന്നു. 2016 ജൂലൈ 30 നായിരുന്നു ഇവരുടെ വിവാഹം. അതേദിവസം തന്നെയായിരുന്നു മെറിന്റെ ജന്മദിനം. ഒടുവില്‍ അതിനു രണ്ടു ദിവസം മുമ്ബ് മരണദിനം കൂടി കുറിച്ചാണ് മെറിന്റെ മടക്കം.
സൗത്ത് ഫ്ലോറിഡ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്. എന്നാല്‍ ഫിലിപ്പ് ഭീഷണി മുഴക്കിയിരുന്നതിനാലാകണം എന്ന് കരുതുന്നു ഇവിടെ നിന്ന് ജോലി മാറാന്‍ മെറിന് തീരുമാനിക്കുകയും താബയിലെ ആശുപത്രിയില്‍ ജോലി ശരിയാക്കുകയും ചെയ്തു.
‘2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിന് യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഇവര്‍ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ പിന്നീട് ചില അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍ വരെ എത്തി.’-മെറിന് ജോയിയുടെ മരണത്തെ കുറിച്ച് ബന്ധു പറഞ്ഞത് ഇങ്ങനെ.
‘ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്റെ പ്രശ്നങ്ങള്‍ പതിയെ പതിയെ ഫിലിപ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലിയും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നത് അയാളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മെറിന് പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോണ്‍സിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു. ആദ്യം വാക്കുതര്‍ക്കങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. മെറിനോടുള്ള ഈ സമീപനം അത്ര പാരമ്യത്തില്‍ എത്തിയപ്പോഴാകാം അയാള്‍ കൊലപാതകത്തിന് ഒരുങ്ങിയത്.’- അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മെറിന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തില്‍ മൂര്‍ച്ഛിച്ചതായി അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വരുമ്ബോള്‍ പരസ്പരം വലിയ പ്രശ്നങ്ങള്‍ ല്ലായിരുന്നെങ്കിലും നാട്ടിലെത്തിയതോടെ ഫിലിപ്പ് വീണ്ടും പഴയ സ്വഭാവം കാണിച്ചു. സ്വന്തം വീട്ടില്‍ വച്ചുവരെ മെറിനെ മര്‍ദ്ദിച്ചതോടെ ഒടുവില്‍ വേര്‍പിരിയാനായിരുന്നു മെറിന്റെ തീരുമാനം. അങ്ങനെയാണ് കുട്ടിയെ സ്വന്തം മാതാപിതാക്കളെ ഏല്‍പ്പിച്ച് മെറിന് യുഎസിലേയ്ക്ക് മടങ്ങുന്നത്. ചെറിയ രീതിയിലുള്ള വഴക്കുകള്‍ ഇരുവരും പറഞ്ഞു തീര്‍ക്കുമെന്നാണ് കരുതിയത്. അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു പറയുന്നു.