ഉപ്പള: വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മഞ്ചേശ്വരത്ത് യു.ഡി.എഫ് ആത്മവിശ്വാസത്തിൽ. അവസാന ലാപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫും മുന്നണിയും ഭൂരിപക്ഷം പതിനായിരത്തിനു മുകളിൽ എത്തിക്കാനുള്ള ഓട്ടത്തിലാണ്.
അവസാന മണിക്കൂറിൽ പുറത്തു വരുന്ന കണക്കുകൾ അനുസരിച്ച് എ.കെ.എം അഷ്റഫിൻ്റെ ഭൂരിപക്ഷം പതിനായിരത്തിന് അടുത്ത് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സ്ഥാനാർഥി പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം തന്നെ മഞ്ചേശ്വരത്തെ മതേതര മനസ് ഒന്നടങ്കം എ.കെ.എം അഷ്റഫിനെ നെഞ്ചേറ്റുകയായിരുന്നു. പ്രചാരണത്തിൽ മുന്നിലെത്തിയതു പോലെ വോട്ടിങിലും ഇത് പ്രതിഫലിക്കുമെന്ന കണക്ക് കൂട്ടൽ യു.ഡി.എഫിന് തെറ്റാനിടയില്ല. എട്ട് പഞ്ചായത്തുകളിലും ശക്തമായ യു.ഡി.എഫ് തരംഗമാണ് കാണാനാകുന്നത്. ഒരു പക്ഷേ പതിനയ്യായിരത്തിന് അടുത്ത് ഭൂരിപക്ഷം ഉയരാനും സാധ്യത ഏറെയാണ്.
പ്രതിസന്ധികളെ അതിജീവിച്ച് താഴെക്കിടയിൽ നിന്നും വളർന്നു വന്ന മഞ്ചേശ്വരത്തിൻ്റെ സ്വന്തം സ്ഥാനാർഥിയെന്നതാണ് ഭൂരിപക്ഷം വർധിക്കുമെന്നതിൽ പ്രധാനം. ഭാഷാ ന്യൂനപക്ഷ വോട്ടർമാരും എ.കെ.എമ്മിനെ കൈവിടില്ല.
കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫ് എം.എൽ.എമാർ മണ്ഡലത്തിൽ നടത്തിയ വികസനവും മഞ്ചേശ്വരത്തെ മതസൗഹാർദം കാത്ത് സൂക്ഷിക്കാൻ മുസ് ലിം ലീഗിന് കഴിഞ്ഞതുമാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായ കാലത്ത് ആരോഗ്യമേഖലകളിൽ നടത്തിയ ഇടപെടലുകളും താലൂക്ക് ആശുപത്രിയിൽ പാവപ്പെട്ട വൃക്ക രോഗികൾക്ക് ഡയാലിസിസ് കേന്ദ്രം അനുവദിച്ചതും കർണാടക അതിർത്തി അതിർത്തി അടച്ചപ്പോൾ കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടക സർക്കാരിനെ കൊണ്ട് തീരുമാനം പിൻവലിപ്പിച്ചതും വോട്ടായി മാറും.