സീയറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി ആമിര്‍ ഖാന്‍; കരാര്‍ ഒപ്പു വച്ചത് രണ്ടു വര്‍ഷത്തേക്ക്

0
120

പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സീയറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി ഹിന്ദി ചലച്ചിത്ര താരം ആമിര്‍ ഖാന്‍. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. സീയറ്റിനായി ആമിര്‍ ഖാന്‍ രംഗത്തെത്തുന്ന ആദ്യ പരസ്യ ചിത്രം ദുബായില്‍ തുടങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പമാണു സംപ്രേഷണത്തിനെത്തുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യവസ്ഥയില്‍ മറ്റു മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ പരസ്യം പ്രത്യക്ഷപ്പെടും.

ഏതുതരം ഡ്രൈവിങ് സാഹചര്യത്തിലും പൂര്‍ണ സുരക്ഷ ഉറപ്പാക്കാനായി ഗുണമേന്മയേറിയ ടയറുകള്‍ ഉപയോഗിക്കണമെന്ന സന്ദേശം അടങ്ങിയ, ‘ഡോണ്ട് ബി എ ഡമ്മി’ എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായ പരസ്യചിത്രമാണ് ആമിര്‍ ഖാനൊപ്പം സീയറ്റ് ടയേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഡമ്മികള്‍ ഉപയോഗിച്ചു സുരക്ഷാ പരിശോധന നടത്തുന്ന ആധുനിക ടയര്‍ പരീക്ഷണശാല വേദിയാക്കിയാണു പ്രമുഖ പരസ്യ ഏജന്‍സിയായ ഒ ആന്‍ഡ് എം ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്.

ഇതില്‍ കേന്ദ്ര കഥാപാത്രമായ ഡമ്മിയായിട്ടാണ് ആമിര്‍ ഖാന്‍ എത്തുന്നത്. മറ്റാരും ശ്രദ്ധിക്കുന്നില്ലാത്ത സമയത്ത് പുറത്തിറങ്ങുകയും ടയര്‍ പരിശോധനാ വേളയില്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ഡമ്മിയെയാണ് ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്നത്. സുരക്ഷയുടെ മഹത്വം വിളംബരം ചെയ്യാന്‍ ലക്ഷ്യമിടുന്ന പരസ്യം ഏതു സാഹചര്യത്തിലും മികച്ച പ്രകടനം ഉറപ്പാക്കാന്‍ സീയറ്റിന്റെ സെക്യുറ ഡ്രൈവ് കാര്‍ ടയറുകള്‍ക്കുള്ള മികവും വിശദീകരിക്കുന്നു.

കൃത്യമായ ബ്രേക്കിങ്ങിനൊപ്പം വളവുകളിലും ഉയര്‍ന്ന വേഗത്തിലുമൊക്കെ മികച്ച നിയന്ത്രണവും വാഗ്ദാനം ചെയ്യുന്ന ‘സെക്യുറ ഡ്രൈവ്’ ശ്രേണി ഹോണ്ട സിറ്റി, സ്‌കോഡ ഒക്ടേവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടേയ് ‘ക്രേറ്റ’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹോണ്ട ‘ഡബ്ല്യു ആര്‍ വി’ തുടങ്ങിയ സെഡാനുകളിലെയും കോംപാക്ട് എസ് യു വികളിലെയും ഉപയോഗത്തിനുള്ളതാണ്. നിത്യവും യാത്രകള്‍ സുരക്ഷിതവും മികവുറ്റതുമാക്കുക എന്ന ദൗത്യമാണു സീയറ്റ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതെന്നു കമ്പനി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അമിത് തൊലാനി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here