ഉത്തര്‍പ്രദേശിൽ രാഷ്ട്രീയ നേതാവിനെയും മകനെയും പട്ടാപ്പകൽ വെടിവച്ചു കൊന്നു

0
295

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ സമാജ്‌വാദി നേതാവ് ഛോട്ടേലാല്‍ ദിവാകറിനെയും മകന്‍ സുനില്‍ ദിവാകറിനെയും പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. എം‌ജി‌എന്‍‌ആര്‍‌ജി‌എയുടെ (തൊഴിലുറപ്പ് പദ്ധതി) കീഴിലുള്ള ഒരു റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പട്ട തര്‍ക്കത്തിന്റെ ഫലമായാണ് കൊലപാതകം. കൃഷി ഭൂമിയുടെ ഉടമകളെന്ന് കരുതുന്ന രണ്ട് പേരാണ് തോക്കുമെടുത്തെത്തി സമാജ്‌വാദി പാര്‍ട്ടി നേതാവിനേയും മകനേയും വെടിവെച്ചത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തര്‍ക്കത്തിനൊടുവിലാണ് ചോട്ടേ ലാല്‍ ദിവാകറിനും മകനും നേരെ വെളുത്ത ഷര്‍ട്ട് ധരിച്ചയാളും പിങ്ക് ഷര്‍ട്ട് ധരിച്ചയാളും വെടിയുതിര്‍ക്കുന്നത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രാദേശിക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും 187 കിലോമീറ്ററും ലക്‌നൗവില്‍ നിന്നും 379 കിലോമീറ്ററും അകലെയുള്ള സംബാള്‍ ഗ്രാമത്തിലാണ് സംഭവം.

ഇരട്ട കൊലപാതക വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ധാരാളം എസ്പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി കൊലപാതകം നടന്നയുടനെ സ്ഥലത്ത് എത്തിയ എസ്പി യമുന പ്രസാദ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛോട്ടേലാല്‍ ദിവകര്‍ മത്സരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here