അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു

Share on Facebook
Tweet on Twitter

കുമ്പള(big14news.com): പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ(32) തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് കാരണം മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണെന്ന് വ്യക്തമായിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ അബ്ദുല്‍ സലാമിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ദേഹമാസകലം കുത്തേറ്റ അബ്ദുല്‍ സലാമിന്റെ സുഹൃത്ത് കുമ്പള ബദരിയ നഗറിലെ നൗഷാദിനെ (28)അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്തിന് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശാരീരിക അസ്വസ്ഥത മൂലം നൗഷാദില്‍ നിന്നും ഇന്നലെ മൊഴിയെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഇന്ന് രാത്രിയോടെ മൊഴിയെടുത്ത് നടപടി പൂർത്തിയാക്കുമെന്ന് കേസ് അന്വേഷിക്കുന്ന കുമ്പള സി ഐ വി വി മനോജ് അറിയിച്ചു.

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഇതിലൊരാള്‍ക്ക് വെട്ടേറ്റിരുന്നതായും സംശയിക്കുന്നു. ഇവരെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തവരുന്നുണ്ട്.

അബ്ദുല്‍ സലാം ഉള്‍പ്പെടെയുള്ള നാല് പേരെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഒരു ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജെപി പ്രവര്‍ത്തകനായ ദയാനന്ദന്‍ വധക്കേസില്‍ പ്രതിയായ പേരാല്‍ റോഡിലെ സിദ്ദീഖ് എന്ന മാങ്ങാ സിദ്ദീഖിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം തോക്ക് ചൂണ്ടി അക്രമം നടത്തിയതായി വിവരമുണ്ട്.

ഈ സംഭവത്തിന് ശേഷമാണ് അബ്ദുല്‍ സലാം ഉള്‍പ്പെടെ നാല് പേരെ ഓട്ടോയില്‍ കറങ്ങുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവര്‍ക്കെതിരെ പരാതിയൊന്നും ഇല്ലാത്തതിനാല്‍ ഞായറാഴ്ച ഉച്ചയോടെ വിട്ടയക്കുകയായിരുന്നു. ഇവര്‍ സ്ഥിരം താവളമായ പെര്‍വാഡ് മാളിയങ്കര കോട്ടയില്‍ എത്തിയതായി വിവരം ലഭിച്ച അക്രമി സംഘം അവിടെയെത്തി കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ദയാനന്ദന്‍ വധക്കേസില്‍ പ്രതിയായ സിദ്ദീഖിന്റെ ഒരു മണല്‍ വണ്ടി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മണല്‍ കടത്തുന്ന വിവരം പോലീസിന് നല്‍കിയത് അബ്ദുല്‍ സലാമും സംഘവുമാണെന്ന് സംശയിച്ച സിദ്ദീഖ് ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അബ്ദുല്‍ സലാമും സംഘവും അര്‍ധരാത്രി സിദ്ദീഖിന്റെ വീട്ടിലെത്തി ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയത്.

അത്‌ കൊണ്ട് തന്നെ കൊലയ്ക്ക് പിന്നില്‍ സിദ്ദീഖും സംഘവുമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് വിവരം.സിദ്ദീഖും മറ്റു ചിലരും നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നാല് പേരാണ് കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്നതെങ്കിലും മറ്റു അഞ്ച് പേര്‍ കൂടി പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

അബ്ദുല്‍ സലാമും സംഘവും മദ്യപിക്കുന്നതിനിടയിലാണ് കൊലയാളി സംഘമെത്തിയതെന്ന് കരുതുന്നു. മദ്യകുപ്പികളും മറ്റും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.അബ്ദുല്‍ സലാമിന്റെ ശരീരത്തില്‍ നിന്നും തല വെട്ടിയെടുത്ത ശേഷം 30 മീറ്റര്‍ ദൂരെ വലിച്ചെറിയുകയായിരുന്നു.കൊല നടന്ന സ്ഥലത്ത് രണ്ട് ബൈക്കുകള്‍ മറിഞ്ഞ് കിടക്കുന്ന നിലയിലും ഒരു ഓട്ടോ റിക്ഷ സമീപത്ത് നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.

SHARE
Facebook
Twitter
Previous articleപാചക വാതക വില കുറഞ്ഞു
Next articleഞാന്‍ ഒറ്റയൊരുത്തന്‍ എന്താക്കണ്ട്യേ… തോല്‍വികളില്‍ കൊഹ്‍ലിയുടെ സങ്കടം പറച്ചില്‍:വീഡിയോ കാണാം