
കുമ്പള(big14news.com): കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് കൊല്ലപ്പെട്ടത്. കുമ്പള മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ബദരിയ നഗറിലെ നൗഷാദിനാണ് (28) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഓട്ടോ റിക്ഷയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കറങ്ങുന്നതിനിടെ അബ്ദുല്‍ സലാമും, നൗഷാദും ഉള്‍പെടെ നാലു പേരെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2014ല്‍ കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാമെന്ന് പോലീസ് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയായ പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവര്‍ അക്രമം നടത്തിയിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസമയത്ത് ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവ സ്ഥലത്ത് രണ്ട് ബൈക്കുകള്‍ മറിഞ്ഞുകിടക്കുന്ന നിലയിലും ഒരു ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.
വാർത്താ കടപ്പാട്