
തൃശൂര്‍(big14news.com): ഇന്ന് നടക്കുന്ന തൃശൂര്‍ പൂരം കൊടിയേറ്റത്തില്‍ പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല. കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ തീരുമാനം വൈകുന്നതാണ് ഇതിന് കാരണം.പ്രതിഷേധ സൂചകമായി കൊടിയേറ്റത്തിലെ വെടിക്കെട്ട് ഉപേക്ഷിക്കാനും പൂരം ആചാര പ്രകാരമുള്ള ചടങ്ങ് മാത്രമാക്കാനും പാറമേക്കാവ് ദേവസ്വം ആലോചിക്കുന്നതായി സൂചന
പൂരത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അമിട്ടും, കുഴിമിന്നലും, ഗുണ്ടും ഉള്‍പ്പെടുന്ന പരമ്പരാഗത വെടിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവു വരുത്താന്‍ കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗം തയ്യാറാകുന്നില്ല. സാമ്പിളുകള്‍ നാഗ്പൂരിലെ ലാബിലേക്ക് ആഴ്ചകള്‍ക്കു മുമ്പെ അയക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ തിരുവമ്പാടി ,പാറമേക്കാവ് വിഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയതാണ്.
ഇതിന്റെ ഫലം വൈകുന്നതിനെ തുടര്‍ന്ന് ഇന്ന് കൊടിയേറ്റത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരാഗത വെടിക്കെട്ട് ആഘോഷപൂര്‍വ്വം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംസ്ഥാന മന്ത്രിമാര്‍ ഇടപെട്ടിട്ടും ഫലം വൈകിക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്.
ശിവകാശിയില്‍ നിന്നുള്ള വെടിക്കോപ്പുകള്‍ ഉപയോഗിക്കാനാണ് ജില്ലാ ഭരണകൂടം മുന്നോട്ടു വെച്ച നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് പാറമേക്കാവ് വിഭാഗത്തിന് പ്രതിഷേധമുണ്ട്. പരമ്പരാഗത വെടിക്കെട്ടില്ലെങ്കില്‍ കൊടിയേറ്റം ചടങ്ങ് മാത്രമാക്കി ചുരുക്കാനാണ് ധാരണയായിട്ടുള്ളത്
തിരുവമ്പാടി ദേവസ്വം ഇതു വരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ശിവകാശിയിലെ ലോബിയുടെ ഇടപെടലാണ് കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ തീരുമാനം വൈകാന്‍ കാരണമെന്നാണ് ആരോപണം.
എട്ടു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം ഇന്നാണ്. വെടിക്കെട്ടിന് അനുമതി നിഷേധിച്ചാല്‍ പൂരം ചടങ്ങ് മാത്രമാക്കി നടത്താനും ഇരുദേവസ്വങ്ങളും ആലോചിക്കുന്നുണ്ട്.