
തിരുവനന്തപുരം(big14news.com): സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഡിജിപി സെന്‍കുമാറിന് തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് ഉപദേശം തേടി.
പൊലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയത്. സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി കേസ് വാദിച്ചതും ഹരീഷ് സാല്‍വെയാണ്. കേസില്‍ സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.
സെന്‍കുമാര്‍ പൊലീസ് മേധാവിയായി എത്തുേമ്പാള്‍ ലോക്‌നാഥ് ബെഹ്‌റയെ എന്തു ചെയ്യണമെന്ന് സാല്‍വെയോട് സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് അവധിയില്‍ പോയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരിച്ചെത്തുമ്പാള്‍ എവിടെ നിയമക്കണമെന്നും സര്‍ക്കാര്‍ സാല്‍വെയോട് ചോദിച്ചു.
ശങ്കര്‍ റെഡ്ഡിയുടെ നിയമന കാര്യത്തിലും സര്‍ക്കാര്‍ സാല്‍വേയോട് വിശദീകരണം തേടി. സാല്‍വേയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. സെന്‍കുമാര്‍ കേസില്‍ പുന:പരിശോധന ഹര്‍ജി നല്‍കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇത് സെന്‍കുമാറിന്റെ നിയമനം വൈകിക്കാനാണെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.
തന്നെ ഡിജിപിയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് ഹരീഷ് സാല്‍വെയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. സംസ്ഥാന സര്‍ക്കാരിനായി കേസില്‍ ഹാജരാകുന്നതിന് പുറമെ പിണറായി വിജയന് വേണ്ടി ലാവ്‌ലിന്‍ കേസിലും ഹൈക്കോടതിയില്‍ സാല്‍വെ ഹാജരായിരുന്നു.